അല്ലു അർജ്ജുന്റെ ഏറ്റവും വലിയ വിജയമായിരുന്നു സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ. ചിത്രം പല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. ഭാഷയുടെയും രാജ്യത്തിന്റെയും അതിർ വരമ്പുകൾ ഭേദിച്ച് ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളില്‍ ഒന്നായിരുന്ന പുഷ്പ. ചിത്രത്തിന്റെ വിജയത്തോടെ ഇന്ത്യയ്‌ക്ക് പുറത്തും അല്ലു അർജ്ജുൻ സ്റ്റാറായി മാറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സെലിബ്രിറ്റികളും സിനിമാ പ്രേമികളും പുഷ്പയിലെ അല്ലു അർജ്ജുനെ അനുകരിക്കുന്നത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ ചിത്രം റഷ്യന്‍ പ്രേക്ഷകരുടെ മുന്നിലേയ്‌ക്കും എത്തുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഇന്ത്യയില്‍ അഞ്ച് ഭാഷകളില്‍ ഒരേ സമയം പ്രദർശനത്തിനെത്തിയ ചിത്രം റഷ്യൻ ഭാഷയിലും റിലീസ് ചെയ്യുകയാണ്. ഡിസംബര്‍ 1-ന് മോസ്‌കോയിലും ഡിസംബര്‍ 3-ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലും ചിത്രം പ്രദര്‍ശിപ്പിക്കും. ‘പുഷ്പ: ദി റൈസിന്റെ’ റഷ്യന്‍ ട്രെയ്‌ലറും പുറത്തിറങ്ങി. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നതിന് റഷ്യയിലേയക്ക് പുറപ്പെടാൻ വിമാനത്താവളത്തിലെത്തിയ അല്ലു അർജ്ജുന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
373 കോടി രൂപയാണ് പുഷ്പ 1-ന്റെ ബോക്‌സ്ഓഫീസ് കളക്ഷന്‍. ഫഹദ് ഫാസില്‍, രശ്മിക മന്ദാന, ധനുഞ്ജയ, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവരായിരുന്നു ഇതിലെ പ്രധാന കഥാപാത്രങ്ങൾ. അതേസമയം, ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുഷ്പ 2: ദി റൂൾ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
















Comments