തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. വർഗീയ പരാമർശം ബോധപൂർവ്വം നടത്തിയതാണ്. ക്ഷമ ചോദിച്ചതുകൊണ്ട് കാര്യമില്ല. സംഘപരിവാറിന്റെ താൽപര്യത്തിനനുസരിച്ചാണ് ഫാ. തിയോഡേഷ്യസ് ഡിക്രൂസ് ഇത്തരം നിലപാടുകൾ എടുക്കുന്നതെന്നാണ് മുഹമ്മദ് റിയാസിന്റെ വാദം.
‘പറയേണ്ടത് മുഴുവൻ പറയുകയും, ഉദ്ദേശിച്ചതുപോലെ ഒരു ആശയ പരിസരം ഒരുക്കുക എന്ന ലക്ഷ്യം വെച്ചിട്ടാണ് ഫാ. തിയോഡേഷ്യസ് ഡിക്രൂസ് വിവാദ പരാമർശം നടത്തിയത്. എന്നിട്ട് മാപ്പ് പറയുന്നതിൽ എന്താണ് അർത്ഥമുള്ളത്. കൊറോണ വൈറസ് ബാധിച്ച ഒരാൾ പ്രോട്ടോകോൾ പ്രകാരം സമൂഹത്തിൽ
ഇറങ്ങാൻ പാടില്ല. എന്നാൽ സമൂഹത്തിലിറങ്ങി അത് മറ്റുള്ളവർക്ക് പരത്തിയ ശേഷം സോറി പറഞ്ഞിട്ട് കാര്യമുണ്ടോ’.
‘ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്റെ പ്രസ്താവന വളരെ ബോധപൂർവ്വമാണ്. മുസ്ലീം പേര് ചൂണ്ടിക്കാട്ടി തീവ്രവാദമാണെന്ന് പറയുന്ന ആശയപ്രചാരണം നടത്തുന്നത് സംഘപരിവാറാണ്. സംഘപരിവാറിന്റെ താൽപ്പര്യത്തിനനുസരിച്ച് നിലപാട് സ്വീകരിക്കുന്ന ആളുകൾക്കൊപ്പം നിന്നുകൊണ്ടാണ് ഫാദർ ഇത് പറഞ്ഞത്. ഇത് കേരളമാണെന്നും, കേരളത്തിലെ മണ്ണിന്റെ പ്രത്യേകത മതനിരപേക്ഷത ആണെന്നും അവസാനം തിരിച്ചറിഞ്ഞതോടെയാണ് ക്ഷമ ചോദിച്ചിരിക്കുന്നത്. ഇത്തരം പ്രസ്താവനകൾ ആർക്കും നടത്താൻ കഴിയാത്ത തരത്തിൽ കേരളത്തിന്റെ മണ്ണിനെ മാറ്റിയെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം’ എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
















Comments