വീണ്ടും റേഡിയോ സ്‌റ്റേഷനുകൾക്ക് വിലക്കുമായി താലിബാൻ; നിരോധിച്ചവയിൽ വോയ്‌സ് ഓഫ് അമേരിക്കയും

Published by
Janam Web Desk

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും റേഡിയോ സ്‌റ്റേഷനുകൾക്ക് വിലക്ക്. വോയ്‌സ് ഓഫ് അമേരിക്ക, റേഡിയോ ഫ്രീ യൂറോപ്,റേഡിയോ ലിബർട്ടി എന്നിവയുടെ അഫ്ഗാനിസ്ഥാൻ സ്റ്റേഷനുകളാണ് താലിബാൻ അടച്ചുപൂട്ടിയത്. മാദ്ധ്യമപ്രവർത്തന മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തതാണ് നിരോധനത്തിന് കാരണമായി പറയുന്നത്.

ഏകപക്ഷീയമായ പ്രക്ഷേപണങ്ങളും റേഡിയോ സ്‌റ്റേഷനുകൾ നിരോധിക്കുന്നതിന് കാരണമായെന്ന് അഫ്ഗാൻ ഭരണകൂടത്തിന്റെ വാർത്താ വിനിമയ സാംസ്കാരിക മന്ത്രാലയത്തിന്റെ മേൽനോട്ടം വഹിക്കുന്ന അബ്ദുൾ ഹഖ് വ്യക്തമാക്കി. 13 പ്രവിശ്യകളിലാണ് റോഡിയോ നിരോധിച്ചിരിക്കുന്നത്. നിരോധനം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.

വോയ്‌സ് ഓഫ് അമേരിക്കയുടെ ജനശ്രദ്ധയാകർഷിച്ച ചില പരിപാടികൾ ഈ വർഷം മാർച്ചോടെ താലിബാൻ നിർത്തി വച്ചിരുന്നു. ഉള്ളടക്കത്തെ ചൊല്ലി പരാതികളുണ്ടെന്നായിരുന്നു നടപടിക്ക് കാരണമായി പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് നിരോധനം.

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് ശേഷം ഏകദേശം 86 റേഡിയോ സ്‌റ്റേഷനുകൾക്ക് പൂട്ട് വീണിരുന്നു. രാജ്യത്തുടനീളമുള്ള 70 ശതമാനം റേഡിയോ സ്‌റ്റേഷനുകളും പ്രക്ഷേപണം നിർത്തിവച്ചിരിക്കുയാണ്.

Share
Leave a Comment