ന്യൂഡൽഹി: ട്രെയിനിൽ സഞ്ചരിക്കവേ ഇരുമ്പ് ദണ്ഡ് തുളച്ചുകയറി യുവാവിന് ദാരുണാന്ത്യം. ഡൽഹി-കാൻപൂർ നിലാൻചൽ എക്സ്പ്രസിലാണ് സംഭവം. യാത്രക്കാരനായ ഹരികേഷ് കുമാർ ദുബെ എന്നയാളാണ് മരിച്ചത്. കോച്ചിന്റെ ജനലിലൂടെ ഇരുമ്പ് ദണ്ഡ് യുവാവിന്റെ കഴുത്തിൽ തറച്ചാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഡൽഹിയിൽ നിന്ന് കാൺപൂരിലേക്ക് പോവുകയായിരുന്ന നിലാൻചൽ എക്സ്പ്രസ് ട്രെയിനിൽ നോർത്ത് സെൻട്രൽ റെയിൽവേയുടെ പ്രയാഗ്രാജ് ഡിവിഷനിൽ ദൻവാറിനും സോമനയ്ക്കും ഇടയിലായിരുന്നു സംഭവം. റെയിൽവേ ട്രാക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഇരുമ്പ് ദണ്ഡാണ് ട്രെയിനിന്റെ ജനൽ തകർത്ത് യുവാവിന്റെ കഴുത്തിൽ തുളച്ചുകയറിയത്. വിൻഡോ സീറ്റിൽ ദണ്ഡ് തറച്ച് കണ്ണുകൾ അടച്ച് നിശ്ചലമായിരിക്കുന്ന ഇയാളുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്.
അപകടത്തെ തുടർന്ന് ട്രെയിൻ അലിഗഡ് ജംഗ്ഷനിൽ നിർത്തി മൃതദേഹം റെയിൽവേ പോലീസിന് കൈമാറി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
Comments