വാഷിംഗ്ടൺ: രാജ്യത്തെ പരമോന്നത ബഹുമതിയായ പത്മഭൂഷൺ ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയ്‌ക്ക് കൈമാറി. യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവാണ് സാൻ ഫ്രാൻസിസ്‌കോയിൽ നടന്ന ചടങ്ങിൽ വെച്ചാണ് പത്മഭൂഷൺ കൈമാറിയത്.
രാജ്യം 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ സുന്ദർ പിച്ചെയ്‌ക്ക് പുരസ്‌കാരം കൈമാറുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യ-യുഎസ് സാമ്പത്തിക, സാങ്കേതിക ബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ആളാണ് സുന്ദർ പിച്ചെ എന്നും ഇന്ത്യൻ പ്രതിഭകളുടെ സംഭാവനയെ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള പ്രചോദനാത്മകമായ യാത്രയാണ് അദ്ദേഹത്തിന്റേതെന്നും തരൺസിംഗ് പറഞ്ഞു. പത്മഭൂഷൺ കൈമാറാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സന്ധുവിൽ നിന്ന് പത്മഭൂഷൺ സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അംബാസഡറിനും കോൺസൽ ജനറലിനും നന്ദി അറിയിക്കുകയാണെന്നും സുന്ദർ പിച്ചെ പറഞ്ഞു. ബഹുമതി നൽകിയ കേന്ദ്ര സർക്കാരിനും ഇന്ത്യൻ ജനതയോടും ഏറെ നന്ദിയുണ്ടെന്നും പിച്ചെ അദ്ദേഹത്തിന്റെ ബ്ലോഗിൽ പറഞ്ഞു. തന്നെ രൂപപ്പെടുത്തിയ രാജ്യം തന്നെ ആദരിക്കുന്നത് അവിശ്വസനീയമാണെന്നും അതിലേറെ അഭിമാനിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
തന്റെ ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും കൂട്ട് നിന്ന മാതാപിതാക്കൾക്കും അദ്ദേഹം നന്ദി അറിയിച്ചു. പഠനത്തിനും അറിവിനും പ്രാധാന്യം നൽകുന്ന ഇത്തരമൊരു കുടുംബത്തിൽ ജനിക്കാൻ കഴിഞ്ഞത് ഭാഗ്യം കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments