ഗാന്ധിനഗർ: വിദ്യാർത്ഥികൾക്ക് വേറിട്ട ഉപദേശവുമായി ശതകോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി. ‘ജി’ എന്ന വാക്ക് ഇന്നത്തെ കാലത്ത് എത്ര വലിയ ചർച്ചാ വിഷയമാണെന്നും യഥാർത്ഥത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്നും അംബാനി വിദ്യാർത്ഥികളോട് സംസാരിച്ചു.
രാജ്യത്ത് 4ജി, 5ജി നെറ്റ്‌വർക്കുകൾ ലഭ്യമായിത്തുടങ്ങി. ഇന്നത്തെ കാലത്ത് യുവാക്കൾ നെറ്റ്‌വർക്കിനെക്കുറിച്ച് ആകാംക്ഷാഭരിതരാണ്. 4ജിയും 5ജിയുമൊക്കെ അവർക്ക് ഏറെ പ്രധാനപ്പെട്ടതാണ്. എന്നാൽ നിങ്ങളോട് പറയാനുള്ളത് ഇത്രമാത്രമാണ്. മാതാജിയെക്കാളും പിതാജിയെക്കാളും വലുതായി ലോകത്ത് ഒരു ജിയുമില്ല. അന്നും ഇന്നും എന്നും അവരായിരിക്കും നിങ്ങൾക്ക് അടുത്തുള്ള ഏറ്റവും ശക്തരായ തൂണുകളെന്ന് മുകേഷ് അംബാനി പറഞ്ഞു.
ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദം നേടിയിറങ്ങുന്ന വിദ്യാർത്ഥികളോടാണ് അംബാനിയുടെ വാക്കുകൾ. കഴിഞ്ഞയാഴ്ചയായിരുന്നു ചടങ്ങ് നടന്നത്. മാതാപിതാക്കളുടെ മഹത്വം വിളിച്ചോതി അംബാനി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പിന്നീട് വൈറലാകുകയായിരുന്നു.
”ഇന്നത്തെ താരങ്ങൾ നിങ്ങളാണ്.. ഓരോരുത്തരും ഈ സ്‌റ്റേജിലെത്തി ബിരുദ സർട്ടിഫിക്കറ്റുകൾ വാങ്ങുന്ന കാഴ്ച കാണാൻ നിങ്ങളുടെ മാതാപിതാക്കൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അവരുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരിക്കും ഇന്ന് നിറവേറുന്നത്. നിങ്ങൾ ഓരോരുത്തരെയും ഇവിടെ വരെയെത്തിക്കാൻ അവർക്ക് അനുഭവിക്കേണ്ടി വന്ന ത്യാഗങ്ങളും കഷ്ടപ്പാടുകളും ജീവിതത്തിൽ ഒരിക്കലും വിസ്മരിക്കരുത്. നിങ്ങളുടെ വിജയത്തിനായി അവർ നൽകുന്ന സംഭാവന തിട്ടപ്പെടുത്താൻ കഴിയുന്നതിലും അപ്പുറമാണ്.” മുകേഷ് അംബാനി വിദ്യാർത്ഥികളോട് പറഞ്ഞു. ഈ വീഡിയോ ദൃശ്യങ്ങളാണ് ട്വിറ്ററിൽ വൈറലായത്. പ്രമുഖരുൾപ്പെടെ നിരവധി ട്വിറ്റർ ഉപയോക്താക്കൾ അംബാനിയുടെ പരാമർശത്തെ പുകഴ്‌ത്തുകയും ചെയ്തു.
Comments