ന്യൂഡൽഹി: ഡൽഹി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇന്ന് പോളിംഗ് ബൂത്തുകളിലേക്ക്. രാവിലെ എട്ടുമുതൽ വൈകിട്ട് 5.30 വരെയാണ് വോട്ടെടുപ്പ് നടക്കുക. 13,638 പോളിങ് സ്റ്റേഷനുകൾ ഇതിനായി പൂർണ്ണമായും സജ്ജമാക്കി കഴിഞ്ഞു. 1.46 കോടിയാണ് ആകെ വോട്ടർമാർ. ഇതിൽ മലയാളികൾ ഏകദേശം മൂന്ന് ലക്ഷത്തോളം വരും.
സൗത്ത്,ഈസ്റ്റ്,നോർത്ത് മുൻസിപ്പൽ കോർപ്പറേഷനുകൾ ലയിപ്പിച്ച് ഒന്നാക്കിയ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. 250 വാർഡിലായി 1349 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ബിജെപിയും ആം ആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം.ഈ മാസം 7 നാണ് വോട്ടെണ്ണൽ.
493 മൈക്രോ നിരീക്ഷകരെയാണ് തിരഞ്ഞെടുപ്പിന്റെ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. പ്രശ്നബാധിത ബൂത്തുകളിലും അതീവ പ്രശ്നബാധിത ബൂത്തുകളിലുമാണ് ഇവരുടെ സേവനം വിനിയോഗിക്കുക. 140 കമ്പനി സിആർപിഎഫിനെയും ഹോം ഗാർഡിനെയും നിയോഗിച്ചിട്ടുണ്ട്.
ബിജെപിയും ആം ആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം. വാശിയേറിയ പ്രചാരണമാണ് ഇക്കുറി നടന്നത്.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ഒറ്റയാൾ പ്രകടനമാണ് ആംആദ്മി പാർട്ടിയുടെ പ്രചാരണത്തിൽ ഉണ്ടായിരുന്നത്. കേന്ദ്രമന്ത്രിമാരെയും പാർട്ടി നേതാക്കളെയും രംഗത്തിറക്കിയായിരുന്നു ബിജെപിയുടെ പ്രചാരണം.
















Comments