അമരാവതി: കുഴൽക്കിണറിനായി വയലിൽ കുഴിക്കുന്നതിനിടെ സ്വർണ നാണയങ്ങൾ കണ്ടെടുത്തു. 17 സ്വർണ നാണയങ്ങളാണ് കിണർ കുഴിക്കുന്നതിനിടെ ഭൂമി ഉടമയ്‌ക്ക് ലഭിച്ചത്. ആന്ധ്രയിലെ എലൂരു ജില്ലയിലുള്ള കൊയ്യാലഗുഡെം മണ്ഡലിലാണ് സംഭവം. ഇവിടെയുള്ള എഡുവഡാലാ പാലെം ഗ്രാമത്തിൽ കുഴൽക്കിണർ നിർമാണത്തിനിടെ ഒരു മൺകുടം ലഭിച്ചിരുന്നു. ഇതിനുള്ളിലായിരുന്നു സ്വർണ നാണയങ്ങളുണ്ടായിരുന്നത്.
മനുകൊണ്ട സത്യനാരായണ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സംഭവം. അദ്ദേഹം തന്നെയായിരുന്നു കിണർ കുഴിച്ചിരുന്നത്. മൺകുടം ലഭിച്ചപ്പോൾ അത് ഉടച്ചുനോക്കിയതോടെ സ്വർണ നാണയങ്ങൾ ലഭിക്കുകയായിരുന്നു. ഉടൻ തന്നെ സത്യനാരായണ ഗ്രാമത്തിലെ തഹസിൽദാറിനെ വിവരമറിയിച്ചു. അദ്ദേഹം സ്ഥലത്തെത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഭൂമിയിൽ മറ്റ് നിർമാണ പ്രവർത്തനങ്ങൾ ചെയ്തിരുന്ന തൊഴിലാളികളെ ചോദ്യം ചെയ്തപ്പോൾ ഒരു സ്വർണ നാണയം നേരത്തെ ലഭിച്ചിരുന്നതായി കണ്ടെത്തി.
ഉടഞ്ഞ മൺകുടവും സ്വർണ നാണയങ്ങളും തഹസിൽദാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 61 ഗ്രാം തൂക്കമുള്ള 18 സ്വർണ നാണയങ്ങളാണ് ആകെ ലഭിച്ചതെന്ന് കൊയ്യാലഗുഡെം സഹസിൽദാർ പി. നാഗമണി അറിയിച്ചു. ജില്ലാ കളക്ടർക്ക് കൈമാറുമെന്നും ട്രഷറിയിൽ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















Comments