ഡൽഹി: കഴിഞ്ഞ 15 വർഷമായി ഡൽഹിക്ക് വേണ്ടി ബിജെപി ഒന്നും ചെയ്യുന്നില്ല എന്ന വാദവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. നഗരത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ ബിജെപി ദയനീയമായി പരാജയപ്പെട്ടു. അതിനാൽ, സത്യസന്ധമായ ഒരു പാർട്ടിക്കും മാന്യന്മാരായ ആളുകൾക്കും ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് മനീഷ് സിസോദിയ പറഞ്ഞു. ഡൽഹി മദ്യ കുംഭകോണ കേസിൽ അന്വേഷണം നേരിടുമ്പോഴാണ് തങ്ങളെ വിശ്വസിക്കണമെന്ന് മനീഷ് സിസോദിയ ജനങ്ങളോട് ആവശ്യപ്പെടുന്നത്.
‘1.5 കോടി ജനങ്ങൾ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകുന്നു. വോട്ടുചെയ്യുന്നതിന് മുമ്പ് എല്ലാവരും ചിന്തിക്കുക, ഡൽഹി വൃത്തിയായി സൂക്ഷിക്കാൻ വോട്ടുചെയ്യുക, മാലിന്യ രഹിത ഡൽഹിക്കായി വോട്ട് ചെയ്യുക. 15 വർഷമായി ബിജെപി ഡൽഹിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടു. സത്യസന്ധമായ പാർട്ടിക്ക് വോട്ട് ചെയ്യുക, മാന്യരും നല്ലവരുമായ ആളുകൾക്ക് വോട്ട് ചെയ്യുക’ എന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് മനീഷ് സിസോദിയ പറഞ്ഞത്.
അതേസമയം, 250 വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ എട്ടിന് ആരംഭിച്ചു. വൈകിട്ട് 5.30ന് അവസാനിക്കും. 1,349 സ്ഥാനാർത്ഥികൾ മത്സരരംഗത്തുള്ള സിവിൽ തെരഞ്ഞെടുപ്പിൽ 1.45 കോടിയിലധികം ആളുകൾക്ക് വോട്ട് ചെയ്യാൻ അർഹതയുണ്ട്. ബിജെപിയും എഎപിയും കോൺഗ്രസും തമ്മിലുള്ള ത്രികോണ മത്സരത്തിൽ ബിജെപിയ്‌ക്കാണ് മുൻതൂക്കം. ഡിസംബർ ഏഴിന് വോട്ടെണ്ണൽ നടക്കും.
















Comments