ജക്കാർത്ത: ഇന്തോനേഷ്യയിലെ മൗണ്ട് സെമെരു അഗ്നിപർവതം പൊട്ടിത്തെറിച്ചു. അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ഉണ്ടായ പുകപടലങ്ങൾ മൈലുകളോളം ഉയർന്നു പൊങ്ങി. അഗ്നിപർവത മുഖത്ത് നിന്നും വലിയ തോതിൽ ലാവാ പ്രവാഹം ഉണ്ടാകുന്നതായി അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ് മൗണ്ട് സെമെരു. കഴിഞ്ഞ വർഷം ഇതേ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് 51 പേർ കൊല്ലപ്പെടുകയും അയ്യായിരം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. പതിനായിരത്തോളം പേരാണ് അന്ന് അഭയാർത്ഥികളായത്. ഈ അനുഭവം മുൻനിർത്തി പ്രദേശത്ത് നിന്നും ജനങ്ങളെ അധികൃതർ മാറ്റി പാർപ്പിക്കുകയാണ്. നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
അഗ്നിപർവത പ്രദേശത്തിന്റെ എട്ട് കിലോമീറ്റർ ചുറ്റളവിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ജാവയിൽ നിലവിൽ മഴക്കാലമാണ്. സ്ഫോടനത്തെ തുടർന്നുണ്ടായ ചാരവും മഴവെള്ളവും കൂടിക്കലർന്ന് ഒഴുകുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പുണ്ട്. അഗ്നിപർവത സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജപ്പാനിലെ ഒകിനാവയിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
അഗ്നിപർവത സ്ഫോടനങ്ങൾക്കും ഭൂകമ്പങ്ങൾക്കും പേരുകേട്ട രാജ്യമാണ് ഇന്തോനേഷ്യ. നൂറ്റി മുപ്പതോളം സജീവ അഗ്നിപർവതങ്ങളാണ് ഇവിടെയുള്ളത്. 2018ൽ ജാവക്കും സുമാത്രക്കും ഇടയിലുള്ള കടലിടുക്കിൽ ഉണ്ടായ അഗ്നിപർവത സ്ഫോടനത്തെ തുടർന്നുണ്ടായ ഉരുൾ പൊട്ടലിലും സുനാമിയിലും പെട്ട് നാനൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു.
Comments