കോഴിക്കോട്: സ്വയം സ്‌കൂളിലെത്തണം എന്ന ആഗ്രഹമായിരുന്നു കോഴിക്കോട് സ്വദേശി ഏബൽ എബ്രഹാമിന്. ഇപ്പോൾ തന്റെ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് ഈ കൊച്ചു മിടുക്കൻ. തനിക്ക് സമ്മാനമായി ലഭിച്ച ഇലക്ട്രിക് വീൽ ചെയറിലാണ് ഏബൽ എബ്രഹാം സ്‌കൂളിലെത്തുന്നത്. വീൽ ചെയറിൽ തനിയെ സ്‌കൂളിൽ എത്തിയ കുട്ടിക്ക് വലിയ സ്വീകരണമാണ് അദ്ധ്യാപകരും സഹപാഠികളും നൽകിയത്. ഇപ്പോൾ തന്റെ ആഗ്രഹം സാധിച്ചതിലുള്ള സന്തോഷം ജനം ടിവിയോട് പങ്കുവെച്ചിരിക്കുകയാണ് ഏബൽ.
‘എനിക്ക് ഇത് ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ്. അച്ഛന്റെ കാറിൽ ഇരുന്ന് സ്‌കൂളിലേയ്‌ക്ക് വരുമ്പോൾ ചെറിയ കാഴ്ചകൾ മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ വീൽ ചെയറിൽ തന്നെയിരുന്ന് അങ്ങാടിയിൽ കൂടി പോയപ്പോൾ എല്ലാ കാഴ്ചകളും ഞാൻ കണ്ടു. സ്‌കൂളിന്റെ മുറ്റത്ത് എത്തിയപ്പോൾ വിദ്യാർത്ഥികളും അദ്ധ്യാപകരും പൂച്ചെണ്ട് നൽകിയാണ് എന്നെ സ്വീകരിച്ചത്. എനിക്കിത് ഒരിക്കലും മറക്കാൻ സാധിക്കില്ല’ എന്ന് ഏബൽ പറഞ്ഞു.
വീഡിയോ കാണാം, ക്ലിക്ക് ചെയ്യുക
ശാരിക വൈകല്യങ്ങളെ ഇച്ഛാശക്തിയോടെ നേരിട്ട കുട്ടിയാണ് ഏബൽ. സ്വന്തമായി പലതും ചെയ്യാൻ സാധിക്കില്ലെങ്കിലും ഈ കൊച്ചു മിടുക്കൻ പ്രതിസന്ധികളെ പുഞ്ചിരി കൊണ്ട് നേരിട്ട് മുന്നേറുന്നു. പഠനത്തിലും പാട്ടിലും സ്വന്തം കഴിവ് ഏബൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഏബലിന്റെ കഴിവ് തിരിച്ചറിഞ്ഞ്, കുട്ടിയെ സ്‌നേഹിക്കുന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ഒരു വ്യക്തിയാണ് രണ്ട് ലക്ഷം രൂപയുടെ ഇലക്ട്രിക്കൽ വീൽ ചെയർ സമ്മാനിച്ചത്.
Comments