ഷിംല: ഹിമാചൽ പ്രദേശിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോൾ ഫലം. പി-എംഎആർക്യൂ, ടൈംസ് നൗ, ജൻകി ബാത്ത്, ടിവി9 എന്നിവയുടെയെല്ലാം അഭിപ്രായ സർവ്വേകളിൽ ഹിമാചലിലെ ഫലം ബിജെപിക്ക് അനുകൂലമാണ്.
ഓരോ നിയമസഭാ തിരഞ്ഞെടുപ്പിലും ഭരണം മാറുന്ന രീതിയായിരുന്നു കഴിഞ്ഞ കാലമത്രയും ഹിമാചലിൽ തുടർന്നിരുന്നത്. എന്നാൽ ഇത്തവണ ബിജെപി സർക്കാർ അധികാരത്തിൽ തുടരുമെന്നും കോൺഗ്രസിന് വീണ്ടും പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നും സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നു. ആം ആദ്മി പാർട്ടിക്ക് നാമമാത്രമായ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നാണ് സർവ്വേകൾ പ്രവചിക്കുന്നത്.
പി-എംഎആർക്യൂ സർവ്വേ പ്രകാരം ബിജെപിക്ക് 34-39 സീറ്റുകൾ ലഭിക്കും. 28-33 സീറ്റുകളിൽ കോൺഗ്രസ് ഒതുങ്ങുമെന്നും ആംആദ്മി ചിലപ്പോൾ ഒരു സീറ്റ് നേടിയേക്കാമെന്നുമാണ് എക്സിറ്റ് പോൾ ഫലം. ടൈംസ് നൗ റിപ്പോർട്ട് പ്രകാരം ബിജെപി 38 ഇടത്ത് വിജയം സ്വന്തമാക്കി അധികാരത്തിൽ തുടരും. 28ൽ ഒതുങ്ങുന്ന കോൺഗ്രസിന് വീണ്ടും പരാജയം സമ്മതിക്കേണ്ടി വരും. എഎപി ഒരു സീറ്റ് നേടിയേക്കാം.
32 മുതൽ 40 സീറ്റുകൾ വരെ ബിജെപി സ്വന്തമാക്കുമെന്നാണ് ജൻ കി ബാത്ത് അഭിപ്രായ സർവ്വേയിൽ പറയുന്നത്. കോൺഗ്രസിന് 27-34 സീറ്റുകൾ കിട്ടിയേക്കാമെന്നും എഎപി ഒന്നും കിട്ടാതെ മടങ്ങുമെന്നുമാണ് പ്രവചനം. ടിവി9 എക്‌സിറ്റ് പോളിലും ബിജെപിയുടെ വിജയമാണ് ആവർത്തിക്കുന്നത്. 33 സീറ്റുകൾ ബിജെപി നേടുമ്പോൾ കോൺഗ്രസിന് 31 സീറ്റുകൾ കിട്ടിയേക്കാമെന്നും 0-0 സീറ്റുകൾ മാത്രമാണ് എഎപിക്കുള്ള സാധ്യതയെന്നും ടിവി9 പ്രവചിക്കുന്നു.
ആക്‌സിസ് മൈ ഇന്ത്യയുടെ സർവ്വേ പ്രകാരം ബിജെപി 34-34 സീറ്റുകളും കോൺഗ്രസ് 30-40 സീറ്റുകളും എഎപി 0 സീറ്റുകളും നേടിയേക്കുമെന്നാണ് റിപ്പോർട്ട്. ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.
നവംബർ 12നായിരുന്നു ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. 75.60 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ സംസ്ഥാനത്ത് 2017ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുട്ടുകുത്തിച്ച് 44 സീറ്റുകൾ നേടിയായിരുന്നു ബിജെപി അധികാരത്തിലെത്തിയത്. ആകെ 68 സീറ്റുകളുള്ള ഹിമാചലിൽ 21 സീറ്റുകളിൽ മാത്രം കോൺഗ്രസിന് ഒതുങ്ങേണ്ടി വരികയായിരുന്നു.
Comments