സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ. സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് ബിൽ.
ഭരണഘടനയിൽ പറയാത്ത ഉത്തരവാദിത്വത്തിൽ നിന്ന് ഗവർണറെ ഒഴിവാക്കാനാണ് നിയമനിർമ്മാണം എന്നാണ് വിശദീകരണം. പകരം വിദ്യാഭ്യാസരംഗത്തെ പ്രഗല്ഭരെ സർവ്വകലാശാലകളുടെ ചാൻസലർ പദവിയിൽ നിയമിക്കും.
ഭരണഘടനാ പദവിയുള്ള ഗവർണർക്ക് കൂടുതൽ ചുമതല വഹിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് മാറ്റമെന്നും ബില്ലിൽ വിശദീകരിക്കുന്നുണ്ട്. സമാന സ്വഭാവമുള്ള സർവകലാശാലകൾക്ക് ഒരു ചാൻസലർ ആകും ഉണ്ടാവുക.
ബിൽ അവതരിപ്പിക്കാൻ ഗവർണർ നേരത്തെ അനുമതി നൽകിയിരുന്നു. ഇംഗ്ലീഷ് പരിഭാഷയിലുള്ള ബില്ലിനാണ് ഗവർണർ അനുമതി നൽകിയത്. ഇംഗ്ലീഷ് പരിഭാഷയിലുള്ള ബിൽ അവതരണത്തിന് ഗവർണറുടെ മുൻകൂർ അനുമതി വേണമെന്നിരിക്കെയാണിത്.
എന്നാൽ ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിർക്കും. ഗവർണറോട് കോൺഗ്രസിൽ നിന്ന് വ്യത്യസ്ത സമീപനമാണ് മുസ്ലീം ലീഗിന്. സംസ്ഥാനത്തെ വിലക്കയറ്റം അടിയന്തര പ്രമേയ നോട്ടീസായി സഭയിൽ കൊണ്ടുവരാനും പ്രതിപക്ഷ നീക്കമുണ്ട്.
Comments