കോട്ടയം : ഐടിഐ ജീവനക്കാരെ എസ്എഫ്‌ഐ പ്രവർത്തകർ ക്രൂരമർദ്ദനത്തിന് ഇരയാക്കി. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും യൂണിയൻ ചെയർമാനുമായ റോഷിൻ റോജോയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് ആക്രമണം നടത്തിയത്. ഗവ. ഐടിഐയിലെ ഓഫീസ് അസിസ്റ്റന്റ് വി.എസ്.ഹരി, ഉദ്യോഗസ്ഥരായ ഷൈസൺ ജോ ജോസ്, മോബിൻ ജോസഫ് എന്നിവരെ പരിക്ക് മൂലം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയോടെയാണ് സംഭവം. രാത്രി നേരത്ത് ക്യാമ്പസിൽ റോഷിന്റെ നേതൃത്വത്തിൽ പ്രവർത്തകർ എത്തിയിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട് ജോലികൾ തീർത്ത ശേഷം ഉദ്യോഗസ്ഥർ മടങ്ങുന്നതിനിടെയാണ് ഇവരെത്തിയത്. ഇത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായത്.
ക്യമ്പസിൽ കയറാൻ അദ്ധ്യാപകരുടെ അനുവാദം ചോദിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ് വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചത്. ക്രസ്മസുമായി ബന്ധപ്പെട്ട് നക്ഷത്രം തൂക്കാൻ വന്നതാണെന്നായിരുന്നു ഇവരുടെ വിശദീകരണം. ഇതിന് പിന്നാലെ തർക്കമായി.
തുടർന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ഉദ്യോഗസ്ഥരെ പുറകെ ചെന്ന് ആക്രമിക്കുകയായിരുന്നു. കല്ലെടുത്ത് എറിയുകയും ബൈക്കിൽ നിന്ന് ചവിട്ടി താഴെയിട്ട് മർദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി.
Comments