ഇസ്ലാമാബാദ്: പാകിസ്താനിൽ വാക്സിനേഷൻ സെൻ്ററിനെതിരെ ആക്രമണം. പോളിയോ വാക്‌സിനേഷൻ സെന്ററിൽ സുരക്ഷയൊരുക്കിയിരുന്ന പോലീസുകാരനെ അജ്ഞാതർ വെടിവെച്ചു. വടക്കു പടിഞ്ഞാറൻ പാകിസ്താനിലാണ് സംഭവം. ജില്ലാ പോലീസ് ഓഫീസറായ മുഹമ്മദ് ഷുഹൈബിനെയാണ് അക്രമികൾ വെടിയുതിർത്ത് പരിക്കേൽപ്പിച്ചത്.
പാകിസ്താനിലെ ഖൈബർ പക്തൂങ്ക്വാ പ്രവിശ്യയിലുള്ള ദേര ഇസ്‌മൈൽ ഖാൻ ജില്ലയിലെ കോയ് ഭാരയിലുള്ള പോളിയോ വാക്‌സിനേഷൻ സെന്ററിലാണ് ആക്രമണമുണ്ടായത്. ഇവിടെ സുരക്ഷാ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന ഷുഹൈബിന്റെ വാഹനത്തിന് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.
പോലീസ് വാഹനത്തിലുണ്ടായിരുന്ന ഷുഹൈബിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഉടൻ തന്നെ പോലീസുകാരനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട പ്രതികളെ പിടികൂടാൻ തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ഭീകരാക്രമണമാണെന്നാണ് സൂചന. ഇതുവരെ ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
Comments