ന്യൂയോർക്ക് : ആഗോള ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കാത്ത ലോകശക്തികൾക്ക് മുന്നിൽ ശക്തമായ വിമർശനവുമായി ഇന്ത്യ. ആഗോള ഭക്ഷ്യപ്രതിസന്ധി രൂക്ഷമാക്കിയത് റഷ്യയുടെ യുക്രെയ്ൻ ആക്രമണമാണെന്നും അതുമായി നേരിട്ട് ബന്ധമുള്ള രാജ്യങ്ങളുടെ നിസ്സംഗത കടുത്ത അനീതിയാണെന്നും ഇന്ത്യ തുറന്നടിച്ചു.
റഷ്യയും യുക്രെയ്‌നും നയതന്ത്രത്തിലൂടെ പ്രശ്‌നപരിഹാരം കാണണമെന്നും ലോക ജനതയിൽ വലിയൊരു ഭാഗം ദാരിദ്ര്യത്തിന് പുറമേ കൊടും പട്ടിണിയിലേയ്‌ക്ക് വീഴുകയാണെന്നും യു എന്നിലെ ഇന്ത്യൻ പ്രതിനിധി രുചിര കാബോംജ് പറഞ്ഞു.
യുദ്ധം സാധാരണക്കാരന്റെ സ്വപ്‌നങ്ങളെയാണ് തകർത്തെറിയുന്നത്. ഒരു തലമുറ നിരാശയുടെ പടുകുഴിയിലേയ്‌ക്ക് വീണിരിക്കുന്നു എന്ന് നാം മറക്കരുത്. സാധാരണ പൗരന്മാരുടേയും കുട്ടികളുടേയും മനുഷ്യാവകാശത്തിന് പുല്ലുവില പോലും കൽപ്പിക്ക പ്പെടുന്നില്ലെന്നും ഇന്ത്യ വിമർശിച്ചു. അതേ സമയം ഏത് തരം പ്രശ്‌നങ്ങൾക്കുമുള്ള ഉത്തരം ഇന്ത്യയുടെ കൈവശമുണ്ടെന്നും എല്ലാത്തരം സമാധാന പരിശ്രമങ്ങൾക്കും എല്ലാ സഹായവും നൽകാൻ ഒരുക്കമാണെന്നും രുചിര പറഞ്ഞു.
യുക്രെയ്‌നിൽ നിന്നും ഭക്ഷ്യധാന്യം പുറത്തെത്തിക്കാനും വിതരണം ചെയ്യാനുമായി രൂപീകരിച്ചിരിക്കുന്ന ബ്ലാക് സീ ഗ്രെയ്ൻ ഇനീഷ്യേറ്റീവ് എന്ന പദ്ധതിയ്‌ക്ക് സമ്മേളനത്തിൽ ഇന്ത്യയും സ്വീഡനും ശക്തമായ പിന്തുണ പ്രഖ്യാപിച്ചു.
















Comments