തിരുവനന്തപുരം: കുസാറ്റിലെ വിവാദ നിയമനത്തിന് പിന്നാലെ മാർക്കിലും അട്ടിമറി. എംജി സർവകലാശാലയിലെ ഗസ്റ്റ് അദ്ധ്യാപിക ഡോ. കെ. ഉഷയ്‌ക്ക് കുസാറ്റിലെ പ്രൊഫസർ നിയമനത്തിൽ ഒന്നാം റാങ്ക് ലഭിക്കാൻ അഭിമുഖത്തിലെ മാർക്കും അട്ടിമറിച്ചെന്ന് ആരോപണം.
കൂടുതൽ അക്കാദമി യോഗ്യതയുള്ളവരെ പിന്തള്ളി ഉഷയ്‌ക്ക് ഇരുപതിൽ 19 മാർക്ക് നൽകിയതായി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ആരോപിച്ചു. ഭർത്താവും എംജി സർവകലാശാല പിവിസിയുമായ ഡോ. സിടി അരവിന്ദ് കുമാറുമായി യോജിച്ച് പ്രസിദ്ധീകരിച്ച എല്ലാ ഗവേഷണ പ്രബന്ധങ്ങളും വിലയിരുത്തി നിശ്ചയിച്ചിട്ടുള്ള പരമാവധി മാർക്കും ഉഷയ്‌ക്ക് നേടാനായി.
പരമാവധി 14 മാർക്ക് മാത്രമേ അഭിമുഖത്തിന് നൽകാവൂ എന്നാണ് പിഎസ്‌സി വ്യവസ്ഥ. എല്ലാ സർവകലാശാലകളും പിന്തുടരുന്നത് പിഎസ്‌സി മാതൃകയാണ്. അങ്ങനെയുള്ളപ്പോഴാണ് ഉഷയ്‌ക്ക് 19 മാർക്ക് നൽകിയത്. കൂടുതൽ അക്കാദമിക യോഗ്യതയുള്ള ഡോ. സോണി സി. ജോർജിന് അഭിമുഖത്തിൽ അഞ്ച് മാർക്ക് മാത്രമാണ് നൽകിയത്. കുസാറ്റിലെ തന്നെ പരിസ്ഥിതി പഠന വകുപ്പിൽ 21 വർഷത്തെ അദ്ധ്യാപന പരിചയമുള്ള അസോസിയേറ്റ് പ്രൊഫസർ ഡോ.വി. ശിവാനന്ദൻ ആചാരിയും പിന്തള്ളപ്പെട്ടു. വിവരാവകാശരേഖകളുടെ അടിസ്ഥാനത്തിൽ ലഭിച്ച രേഖകളിലാണ് മാർക്ക് അട്ടിമറി വ്യകതമായതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ചെയർമാൻ ആർ. എസ്. ശശികുമാർ പറഞ്ഞു.
Comments