കൊല്ലം; വിവാഹദിനത്തിന്റെ തലേന്ന് സെൽഫി പകർത്താനുളള ശ്രമം പ്രതിശ്രുത വധൂവരൻമാരെ എത്തിച്ചത് വലിയ അപകടത്തിൽ. ക്വാറിയുടെ മുകളിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ 150 അടി താഴ്ചയുളള പാറക്കുളത്തിലേക്ക് വീഴുകയായിരുന്നു. ഇരുവരും പാരിപ്പളളി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കാര്യമായ പരിക്കുകളില്ല.
കൊല്ലം ചാത്തന്നൂർ പരവൂർ കൂനയിൽ അശ്വതി കൃഷ്ണയിൽ വിനു കൃഷ്ണനും പ്രതിശ്രുത വധു പാരിപ്പളളി പാമ്പുറം അറപ്പുര വീട്ടിൽ സാന്ദ്ര എസ് കുമാറുമാണ് അപകടത്തിൽപെട്ടത്. കല്ലുവാതുക്കൽ വിലവൂർ കോണം കാട്ടുപുറം പാറക്കുളത്തിലാണ് ഇരുവരും വീണത്. പകൽക്കുറി ആയിരവില്ലി ക്ഷേത്രത്തിന് സമീപത്തെ ക്വാറിക്ക് മുകളിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. ഇരുവരും ക്ഷേത്രത്തിൽ പോയതായിരുന്നു.
ഫോട്ടോ എടുക്കുന്നതിനിടെ സാന്ദ്ര കാൽ തെറ്റി കുളത്തിൽ വീഴുകയായിരുന്നു. വിനു പിന്നാലെ രക്ഷപെടുത്താനായി ചാടി. കുളത്തിലെ 50 അടി താഴ്ചയിൽ നിറഞ്ഞുകിടന്ന വെളളക്കെട്ടിലേക്കാണ് ഇരുവരും വീണത്. സാന്ദ്രയുടെ വസ്ത്രത്തിൽ പിടികിട്ടിയതോടെ വിനു അവരെ വലിച്ച് സുരക്ഷിതമായി പാറയുടെ വശങ്ങളിലേക്ക് മാറ്റി. തുടർന്ന് അതിൽ പിടിച്ചുകിടന്നതിനാലാണ് ഇരുവരും രക്ഷപെട്ടത്.
കുളത്തിൽ നിന്നും നിലവിളി കേട്ട് എത്തിയ പ്രദേശവാസി നാട്ടുകാരെ കൂട്ടിയെത്തിയതോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ആദ്യം നാട്ടുകാർ കയർ ഇട്ടുകൊടുത്തതോടെ ഇവർക്ക് ആത്മവിശ്വാസമായി. പിന്നീട് ചങ്ങാടത്തിൽ ഇരുവർക്കും സമീപമെത്തി പുറത്തെത്തിക്കുകയായിരുന്നു. പോലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനത്തിന് എത്തി.
സാന്ദ്രയുടെ കാലിൽ ചെറിയ പരിക്ക് പറ്റിയത് ഒഴിച്ചാൽ ഇരുവർക്കും കാര്യമായ പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല. ദുബായിൽ ജോലി ചെയ്യുകയാണ് വിനു. അപകടത്തെ തുടർന്ന് വിവാഹവും മാറ്റിവെച്ചു.
Comments