കോഴിക്കോട് : സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ അത്ഭുത പ്രതിഭാസമായി മഞ്ഞ മഴ. കോഴിക്കോട് ജില്ലയിൽ മുക്കം, പൂള പൊയിൽ എന്നിവിടങ്ങളിലാണ് മഞ്ഞ മഴ പെയ്തത്. പൂള പൊയിലിലെ നാല് വീടുകളിലാണ് മഞ്ഞ നിറത്തിൽ തുള്ളികൾ വീണതായി കണ്ടത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.
മഴ പെയ്യാൻ തുടങ്ങിയപ്പോൾ ഓടിച്ചെന്ന് മുറ്റത്ത് ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കുമ്പോൾ തുണികളിലെല്ലാം മഞ്ഞ തുള്ളികൾ കാണപ്പെടുകയായിരുന്നു. പെയിന്റ് തെറിച്ചതാകുമെന്നാണ് ആളുകൾ ആദ്യം കരുതിയത്. മുഴുവൻ വസ്ത്രങ്ങളിലും മഞ്ഞ തുള്ളികൾ കണ്ടപ്പോൾ അത്ഭുതമായി തോന്നി. വീടിനു മുകളിൽ കയറി നോക്കിയപ്പോൾ അവിടെയും മഞ്ഞ തുള്ളികൾ കാണപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇത് പങ്കുവെച്ചപ്പോഴാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട മഞ്ഞ മഴയാണിതെന്ന് വ്യക്തമായതെന്നും പൂളപൊയിൽ നിവാസികൾ പറയുന്നു.
അയൽവാസികളോട് വിവരമറിയിച്ചപ്പോൾ അവിടെയും മഞ്ഞ മഴ അനുഭവപ്പെട്ടതായി അറിയാനായി. കഴുകുമ്പോഴും ഉണങ്ങുമ്പോഴും പൊടിരൂപത്തിലാണ് ഇത് കാണുന്നത്. മഞ്ഞ തുള്ളികൾ പതിഞ്ഞ ഇലകൾ ഇവർ സൂക്ഷിച്ചിട്ടുണ്ട്.
ശാസ്ത്രീയ വിശകലന ശേഷമേ ഈ പ്രതിഭാസത്തിന്റെ കാരണം വ്യക്തമാവൂ. അന്തരീക്ഷത്തിലെ രാസ പദാർത്ഥ സാന്നിദ്ധ്യമാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments