ഇടുക്കി : ഇടുക്കി നെടുങ്കണ്ടത്ത് പേൻ കടി രൂക്ഷമാകുന്നു. 40 പേർ ആശുപത്രിയിൽ ചികിത്സ തേടി. പൊന്നാമല മേഖലയിലെ ആറ് കുടുംബങ്ങളിലുള്ളവർക്കാണ് പേനിന്റെ കടിയേറ്റത്. പേൻ കടിയേറ്റതിന്റെ മുറിവുകളും പാടുകളും ഇവരുടെ ശരീരത്തിലുണ്ട്.
കാപ്പി, കുരുമുളക് തോട്ടങ്ങളിൽ തൊഴിൽ ചെയ്യുന്നവരാണ് ഇവർ. കുട്ടികൾക്കും കടിയേറ്റിട്ടുണ്ട്. ഹാർഡ് ടിക്ക് ഇനത്തിൽ പെട്ട പേനാണ് ഇവരെ കടിച്ചത്. സാധാരണയായി കാട്ടുപന്നികളിലും കുരങ്ങൻമാരിലും കണ്ടുവരുന്ന തരം പേനുകളാണിതെന്ന് സൂചനയുണ്ട്. കടിയേറ്റ ഭാഗത്ത് അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട്. വനമേഖലയിൽ വിറവ് ശേഖരിക്കാൻ പോയപ്പോഴാണ് കടിയേറ്റത്.
ഈ സാഹചര്യത്തിൽ പൊന്നാമല പ്രദേശവും സമീപ പ്രദേശങ്ങളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. പനിയോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഉള്ളവർ ഉടൻ മുണ്ടിയെരുമ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. തുടർന്ന് ഇവിടെ മെഡിക്കൽ ക്യാമ്പും നടത്തി.
Comments