ദോഹ: ലയണൽ മെസ്സിയും ലൂക്കാ മോഡ്രിച്ചും ഏറ്റുമുട്ടുന്ന രാവിന് ഇനി മണിക്കൂറുകൾ മാത്രം. നാളെ പിറക്കുമ്പോൾ ആദ്യ ഫൈനലിസ്റ്റും ദോഹയിൽ തീരുമാനിക്കപ്പെടും. മറ്റന്നാൾ രണ്ടാമനും. മത്സരം ലൂസെയിൽ സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി 12.30ന് ആരംഭിക്കും.
ലയണൽ മെസ്സി എന്ന മിശിഹ കളം വാഴട്ടെയെന്നും ടീം കിരീടം നേടേണ്ടത് മെസ്സിക്ക് വേണ്ടിയാണെന്നും അർജൻറീനിയൻ ആരാധകർ ആർത്തുവിളിക്കുകയാണ്. എന്നാൽ അവർക്ക് മുന്നിൽ ക്രൊയേഷ്യയുടെ പോരാളി ലൂക്കാ മോഡ്രിച്ച് ശക്തമായ വെല്ലുവിളി തന്നെയാണ്. പാരമ്പര്യംകൊണ്ട് അർജൻറീന മുന്നിലാണെങ്കിലും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ അപകടകരമായ സ്ഥിരതയാണ് ഓരോ ടൂർണ്ണമെന്റിലും കാണിക്കുന്നത്. കഴിഞ്ഞ തവണ 3-0നാണ് ക്രോട്ടുകൾ അർജന്ർറീനിയൻ മോഹം തകർത്തത്.
ക്വാർട്ടറിൽ നെതർലാന്റ്‌സിനെതിരെ നിശ്ചിത സമയത്ത് 2-2ന് സമനില വഴങ്ങിയ മെസ്സിയും കൂട്ടരും പെനാൽറ്റി ഷൂട്ടൗട്ടിലൂടെ 4-3നാണ് സെമിയിലെത്തിയത്. ക്വാർട്ടറിൽ നിശ്ചിത സമയത്ത് 1-1ന് ബ്രസീലിനോട് സമനില വഴങ്ങിയ ശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2നാണ് ക്രൊയേഷ്യ കരുത്തോടെ സെമിയിലെത്തിയത്.
ഇന്ന് ഇറങ്ങുന്നതോടെ ഏറ്റവുമധികം ലോകകപ്പ് മത്സരം കളിച്ച താരങ്ങളുടെ പട്ടികയിൽ ലോതർ മാത്തേവൂസിനൊപ്പം 25 കളികളെന്ന നേട്ടത്തിനൊപ്പം മെസ്സിയും എത്തും. ലോകകപ്പ് നേടിയാൽ 1986ൽ ഇതിഹാസ താരം ഡീഗോ മറഡോണയ്‌ക്ക് ശേഷം കപ്പുയർത്താനുള്ള ഭാഗ്യമാണ് മെസ്സിയെ കാത്തിരിക്കുന്നത്.
ഇന്ന് ജയിച്ച് ഫൈനലിലേയ്‌ക്ക് കടന്നാൽ തുടർച്ചയായി രണ്ടു തവണ ഫൈനലിലെത്തുന്ന നാലാമത്തെ യൂറോപ്യൻ ടീമായി ക്രൊയേഷ്യ മാറും. മുമ്പ് ഇറ്റലി, ജർമ്മനി, നെതർലാന്റ്‌സ് എന്നിവരാണ് രണ്ടു തവണ തുടർച്ചയായി ഫൈനലിലെത്തിയവർ. ലോകകപ്പിൽ ഇതുവരെ കളിച്ച നോക്കൗട്ട് ഘട്ടത്തിൽ നാല് തവണയാണ് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ക്രൊയേഷ്യ വിജയം നേടിയത്. അർജൻറീന അഞ്ചു തവണയും. ആറ് ലോകകപ്പ് മത്സരം ഇത്തവണ കളിക്കുന്ന 37 വയസ്സിന് മുകളിൽ പ്രായമുള്ള ആദ്യതാരമായും ലൂകാ മോഡ്രിച്ച് മാറിയിരിക്കുന്നു.
പെരിസിച്ചും ഗോൾകീപ്പർ ഡോമിനിക് ലിവാകോവിച്ചും ഈ ലോകകപ്പിൽ കാഴ്ചവെച്ചിരി ക്കുന്നത് അതുല്യ പോരാട്ടമാണ്. അത് തന്നെയാണ് അർജൻറീനയ്‌ക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.
















Comments