ചെറുപയറ് പൊടിയും മഞ്ഞളുമൊക്കെയാണ് പണ്ട് കുളിക്കാനായി ഉപയോഗിച്ചിരുന്നത് എങ്കിൽ ഇന്ന് ആ സ്ഥാനം സോപ്പുകൾക്കും ബോഡിവാഷുകൾക്കുമാണ്. സോപ്പില്ലാത്ത കുളിയെ കുളിയായി കണക്കാൻ ഇന്ന് നമുക്ക് വിഷമമാണ്. സോപ്പ് ഉപയോഗിച്ച് കുളിച്ചെങ്കിൽ മാത്രമേ ശരീരം വൃത്തിയാകുകയുള്ളൂവെന്നും, സൗന്ദര്യം ലഭിക്കുകയുള്ളൂവെന്നുമാണ് നമ്മുടെ ചിന്ത. ഇതിന്റെ ഭാഗമായി വിപണിയിൽ ഇറങ്ങുന്ന എല്ലാ സോപ്പുകളും നാം മാറി മാറി പരീക്ഷിക്കുന്നു. എന്നാൽ ശ്രദ്ധയില്ലാതെ കുളിക്കാനായി സോപ്പുകൾ തിരഞ്ഞെടുക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങൾ ആകും സൃഷ്ടിക്കുക.
സോപ്പുകൾ മാറി മാറി പരീക്ഷിക്കാതെ ഒരു സോപ്പ് മാത്രം ഉപയോഗിക്കുന്നതാണ് ശരീരത്തിന് നല്ലത്. സോഡിയം സിലിക്കേറ്റ്, ആന്റി സെപ്ടിക്കുകൾ, സുഗന്ധദ്രവ്യങ്ങൾ, എണ്ണകൾ, ഗ്ലിസറിൻ എന്നിവയെല്ലാമാണ് സോപ്പുകളിലെ പ്രധാന ചേരുവകൾ. സോപ്പുകൾക്ക് അനുസരിച്ച് ഈ ചേരുവകൾ ഉപയോഗിക്കുന്നതിലും അതിന്റെ അളവിലും വ്യത്യാസം വന്നേക്കാം. അതിനാൽ സോപ്പുകൾ മാറി മാറി ഉപയോഗിക്കുന്നത് ചർമ്മത്തെ ദോഷമായി ബാധിച്ചേക്കാം. സോപ്പുകൾ മാറി മാറി ഉപയോഗിക്കുന്നത് സ്‌കിൻ ക്യാൻസറിന് വരെ കാരണമായേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.
ചില സോപ്പുകൾ അലർജിയ്‌ക്ക് കാരണമാകും. ഇത്തരം സാഹചര്യത്തിൽ അലർജിയുണ്ടാക്കുന്ന സോപ്പുകളെ മാറ്റി നിർത്താം. അലർജിയുള്ളവർ ചർമ്മത്തിന് അനുയോജ്യമായ സോപ്പ് വേണം ഉപയോഗിക്കാൻ. ഇത്തരക്കാർ സോപ്പ് മാറ്റി മാറ്റി പരീക്ഷിക്കുന്നത് ചർമ്മത്തിന് വലിയ ദോഷം ചെയ്യും. അതിനാൽ ചർമ്മത്തിന് സുരക്ഷിതമായ സോപ്പ് മാത്രം ഉപയോഗിച്ച് കുളിച്ചാൽ മതി.
50 വയസ്സു കഴിഞ്ഞവർ സോപ്പ് ഉപയോഗിച്ചുള്ള കുളി കഴിവതും ഒഴിവാക്കുകയാണ് നല്ലത്. സോപ്പുകൾ പൊതുവെ ശരീരത്തെ വരണ്ടതാക്കുന്ന വസ്തുവാണ്. പ്രായമാകുമ്പോൾ ശരീരത്തിൽ വരൾച്ചയുണ്ടാകും. ഇതിനൊപ്പം സോപ്പ് കൂടി ചേരുമ്പോൾ കൂടുതൽ വരൾച്ച ഇരട്ടിയാകുന്നതിനും ചർമ്മം പൊട്ടുന്നതിനും കാരണമാകും. ഇത്തരക്കാർ ചെറുപയർ പോലുള്ള പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിക്കാം. അല്ലെങ്കിൽ ഡോക്ടറുടെ സഹായം തേടാം.
ഇന്ന് വിപണിയിൽ ലഭ്യമാകുന്ന ഭൂരിഭാഗം സോപ്പുകളിലും പിഎച്ച് മൂല്യം ഒൻപതിന് മുകളിലാണ്. പിഎച്ച് മൂല്യം 6-7 ഉള്ള സോപ്പുകൾ വേണം ഉപയോഗിക്കാൻ. അതിനാൽ ഇത്തരം സോപ്പുകൾ കണ്ടെത്തി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ട്രൈക്ലോസൻ അടങ്ങിയ സോപ്പുകൾ ഉപയോഗിക്കുന്നത് ചർമ്മത്തിന് ഒട്ടും നല്ലതല്ല.
മുഖക്കുരുവുള്ളവർ സോപ്പ് മുഖത്ത് ഉപയോഗിക്കുന്നത് നല്ലതല്ല. പകരം ഫേസ് വാഷോ ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ള സോപ്പോ മറ്റോ ഉപയോഗിക്കാം. സോപ്പ് നേരിട്ട് ശരീരത്തിൽ ഉരസരുത്. പകരം കൈകളിലാക്കി പതപ്പിച്ച ശേഷം ശരീരത്തിൽ ഉപയോഗിക്കാം.
Comments