വിവാഹ ദിനത്തിലാണ് ഏതൊരു പെൺകുട്ടിയും അതീവ സുന്ദരിയാകാൻ ആഗ്രഹിക്കുന്നത്. വസ്ത്രത്തിന്റെ കാര്യത്തിലും മേക്കപ്പിന്റെ കാര്യത്തിലുമെല്ലാം തന്നെ ഏറെ ജാഗ്രത പുലർത്തുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം പെൺകുട്ടികളും. എന്നാൽ ഇതിനായി വിവാഹത്തിന്റെ അന്ന് മാത്രം ശ്രദ്ധിക്കാറാണ് പതിവ്. ഇത് കൊണ്ട് പ്രയോജനമില്ലെന്നതാണ് വസ്തുത.
വധുവാകാൻ കുറഞ്ഞത് മൂന്ന് മാസം മുൻപെങ്കിലും തയ്യാറെടുക്കണം. ശരീരത്തിനൊപ്പം മനസിനെയും സംരക്ഷിക്കണം. സമ്മർദ്ദം കുറച്ചും നന്നായി ഉറങ്ങിയും വ്യായമം ചെയ്തും ഇക്കാലയളവിൽ ശരീരത്തിനെ സംരക്ഷിക്കണം. ആരോഗ്യകരമായ തിളക്കമാണ് ആവശ്യമെങ്കിൽ വധുവാകാൻ തയ്യാറെടുക്കുന്നതിനൊപ്പം സ്ഥിരമായ ദിനചര്യ പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് ചർമത്തെ മികച്ചതാകാൻ സഹായിക്കും.
ശരീരത്തിലെ വെള്ളത്തിന്റെ അളവ് കുറയാതെ സൂക്ഷിക്കണം. വിവാഹ ദിനത്തിൽ കൂടിയ അളവിൽ മേക്കപ്പ് ഇടേണ്ടി വരും. അതിന് മുൻപായി ചർമം മൃദുവും മിനുസമുള്ളതുമാക്കി മാറ്റണം. ഇതിനായി മാസങ്ങൾക്ക് മുൻപ് തന്നെ ചർമത്തിന് ജലാംശം നൽകുന്ന സിറം ഉപയോഗിക്കാവുന്നതാണ്. ഈർപ്പവും പോഷണവും നൽകുന്ന ഹൈലൂറോണിക് ആസിഡും ശീലിക്കാവുന്നതാണ്.
വിവാദ ദിനത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ചിരി. ആത്മവിശ്വാസത്തോടെ ചിരിക്കണമെങ്കിൽ ആദ്യം വേണ്ടത് മുല്ലപ്പൂ പോലുള്ള പല്ലുകളാണ്. മനോഹരമായി പുഞ്ചിരിക്കാനായി ചെറുനാരങ്ങയും സ്‌ട്രോബറിയും ചേർത്ത് പല്ല് തേച്ച് തണുത്ത വെള്ളത്തിൽ കഴുകി കളയുക. തിളക്കമാർന്ന പല്ലുകൾ ലഭിക്കും. എണ്ണമയമുള്ള ചർമമാണെങ്കിൽ പെട്ടെന്ന് മുഖക്കുരു വരാൻ സാദ്ധ്യതയുണ്ട്. ഇത് തടയുന്നതിനായി മൃദുവായ ഫേസ് വാഷുകളും ഓയിൽ ഫ്രീ സ്‌കിൻ മോയ്‌സ്ചറൈസറുകളും ഉപയോഗിക്കുക. ചുണ്ടുകൾ വിണ്ടുകീറുന്നതിൽ നിന്ന് മുക്തി നേടുന്നതിനായി ലിപ് ബാം ഉപയോഗിക്കാവുന്നതാണ്.
മേക്കപ്പ് ആർട്ടിസ്റ്റിനെയും ഹെയർ സ്റ്റൈലിസ്റ്റിനെയും കുറഞ്ഞത് ആറ് മാസം മുൻപെങ്കിലും ബുക്ക് ചെയ്യണം. വിവാഹ ദിവസത്തിന് മുൻപായി അവരുമായി ചർച്ച നടത്തി വധുവിന്റെ ഇഷ്ടങ്ങൾ തുറന്ന് പറയാൻ ശ്രമിക്കുക. ആവശ്യമെങ്കിൽ മേക്കപ്പ് ടെസ്റ്റ് നടത്തുക.
Comments