ഭക്ഷണവിഭവങ്ങൾ രുചികരമാവണമെങ്കിൽ അതിന്റെ ചേരുവകളെല്ലാം കൃത്യമായി വന്ന് ,പാകത്തിന് വേവിക്കണം. ചിലസമയങ്ങളിൽ ഭക്ഷണത്തിന്റെ ഉപ്പും മുളകും മധുരവും ഏറിയും കുറഞ്ഞും നമ്മളെ ആകെ കുഴപ്പത്തിലാക്കാറുണ്ട്. ആ സമയങ്ങളിൽ വിഷമിച്ചിരിക്കാതെ ചില പൊടിക്കൈകൾ ചെയ്താൽ വിഭവത്തിന്റെ സ്വാദ് ഒട്ടും ചോർന്ന് പോകാതെ കഴിക്കാം
കറിയിൽ ഉപ്പോ മുളകോ കൂടിയാൽ കുറച്ച് പഞ്ചസാര ഇട്ടാൽ മതി. ഉപ്പിന്റെയോ മുളകിന്റെയോ പുളിയുടെയോ അളവ് കൂടുകയാണെങ്കിൽ അല്പം ജീരകം വറുത്ത് പൊടിച്ചു ഇട്ടാൽ മതി. ചിലർക്ക് ജീരകത്തിന്റെ ചുവ ഇഷ്ടമാകാതെ വരാം. അത്തരക്കാർക്ക് തേങ്ങ അരച്ചതും കറിയിൽ ചേർക്കാം. തേങ്ങ അധികമായ എരിവും ഉപ്പും മറ്റും വലിച്ചെടുക്കും. തേങ്ങാപ്പാലും ഉപയോഗിക്കാവുന്നതാണ്.
അല്ലെങ്കിൽ നല്ലവണ്ണം കുഴച്ചു വെച്ച ഒരു ചോറുരുള ഉടയാതെ കറിയിൽ ഇട്ടുവെക്കുക. അധികമായ ഉപ്പും എരിവുമെല്ലാം അത് വലിച്ചെടുത്തോളും. ഒരു പത്തിരുപത് മിനിറ്റ് കഴിഞ്ഞു എടുക്കുക. അച്ചാറിലാണ് ഉപ്പ് കൂടുന്നത് എങ്കിൽ ശകലം തേങ്ങാ വെള്ളം ഒഴിച്ച് വെക്കുക. ഇത് ഉപ്പ് വലിച്ചെടുക്കുന്നതാകും. ഇനി ഇറച്ചിയിലും മീനിലുമൊക്കെയാണ് ഉപ്പ് അധികമായതെങ്കിൽ അല്പം നാരങ്ങാനീര് അതിൽ ചേർക്കാവുന്നതാണ്.
Comments