സംവിധായകൻ ജൂഡ് ആന്റണി ജോസഫിനെ ബോഡി ഷെയിമിംഗ് നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. ”2018” എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് സംഭവം. ”ജൂഡിന് തലമുടിയില്ലെങ്കിലും നല്ല ബുദ്ധിയാണ്” എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഇത് ഏറെ വിവാദങ്ങൾ വഴിവെച്ചതോടെ നടൻ ഖേദം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നു.
”പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി” എന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു
ഇതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്റണിയും രംഗത്തെത്തി. തനിക്ക് മമ്മൂക്കയുടെ വാക്കുകൾ അഭിനന്ദനമായാണ് തോന്നിയത് എന്നാണ് ജൂഡ് ആന്റണി പറഞ്ഞത്. ”എനിക്കാ വാക്കുകൾ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്കാ. എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു” എന്ന് ജൂഡ് ആന്റണി പ്രതികരിച്ചു.
Comments