ബ്രസൽസ്: ഖത്തർ ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ പ്രതിഷേധവുമായി മൊറോക്കോ ആരാധകർ. മൊറോക്കോ പതാക പുതച്ചെത്തിയ ആരാധകർ പോലീസിന് നേരെ പടക്കങ്ങളും മറ്റും വലിച്ചെറിയുകയായിരുന്നു. ഇതിന് പുറമെ മാലിന്യസഞ്ചികളും കാർഡ് ബോർഡ് പെട്ടികളും കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പോലീസ് അക്രമികൾക്ക് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാരിൽ ചിലരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
മൊറോക്കോയെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ കടന്നത്. തിയോ ഹെർണാണ്ടസും മുവാനിയുമാണ് ഫ്രാൻസിന് വേണ്ടി സ്‌കോർ ചെയ്തത്. ഫ്രാൻസിന്റെ തുടർച്ചയായ രണ്ടാം ഫൈനലാണിത്. 5ാം മിനിട്ടിൽ തിയോ ഹെർണാണ്ടസും, 79ാം മിനിട്ടിൽ റൻഡാൽ കോളോ മുവാനിയുമാണ് സ്‌കോർ ചെയ്തത്.
അർജന്റീനയാണ് ഫൈനലിൽ ഫ്രാൻസിന്റെ എതിരാളികൾ. മൂന്നാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് അർജന്റീനയും ഫ്രാൻസും കളത്തിലിറങ്ങുന്നത്. 2002ൽ ബ്രസീലിന് ശേഷം തുടർച്ചയായി രണ്ടാം ഫൈനൽ കളിക്കുന്ന രാജ്യമാണ് ഫ്രാൻസ്. ഞായറാഴ്ച രാത്രി 8.30ന് ലുസെയ്ൽ സ്റ്റേഡിയത്തിലാണ് ഫൈനൽ. മറ്റന്നാൾ നടക്കുന്ന ലൂസേഴ്സ് ഫൈനലിൽ മൊറോക്കോ-ക്രൊയേഷ്യയെ നേരിടും.
















Comments