ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ആരാധനയുടെ പേരിൽ ഭൂമി കയ്യേറാനുള്ള ശ്രമം തകർത്ത് അധികൃതർ. കയ്യേറ്റ ഭൂമിയിൽ നിർമ്മിച്ച മസറുകൾ പൊളിച്ച് നീക്കി. കിമോലി ഗ്രാമത്തിലായിരുന്നു സംഭവം.
ഭൂമി കയ്യേറി മസറുകൾ നിർമ്മിച്ചതിന്റെ വാർത്തകൾ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഉത്തരവിടുകയായിരുന്നു. ഇതേ തുടർന്നാണ് പൊളിച്ച് നീക്കിയത്.
വർഷങ്ങൾക്ക് മുൻപ് പ്രദേശത്ത് താമസിച്ചിരുന്ന ഗർവാലി മുസ്ലീങ്ങൾ മരിച്ചവരുടെ സംസ്‌കാരം നടത്തിയിരുന്ന മേഖലയിലാണ് മസർ നിർമ്മിച്ചിരുന്നത്. രണ്ടര വർഷങ്ങൾക്ക് മുൻപായിരുന്നു ഇത്. സ്വകാര്യ വ്യക്തിയുടെ സ്ഥലമാണെന്ന ധാരണയിൽ മറ്റുള്ളവർ നിർമ്മാണ പ്രവർത്തനങ്ങളെ എതിർത്തതുമില്ല. എന്നാൽ അടുത്തിടെ മസർ നിലനിൽക്കുന്നത് സർക്കാർ ഭൂമിയിലാണെന്ന് കണ്ടെത്തി. ഇതോടെയാണ് മാദ്ധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സർക്കാർ നടപടി സ്വീകരിക്കാൻ ജില്ലാ മജിസ്‌ട്രേറ്റിന് നിർദ്ദേശം നൽകുകയായിരുന്നു.
കഴിഞ്ഞ ദിവസം വനമേഖല കയ്യേറാനുള്ള ശ്രമത്തിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. വനമേഖലയിൽ നിർമ്മിച്ച മുഴുവൻ മസറുകളും പൊളിച്ച് നീക്കിയിരുന്നു സർക്കാർ കയ്യേറ്റ ഭൂമി തിരിച്ചുപിടിച്ചത്.
















Comments