വയനാട്: ബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം വന്നിട്ടും തളരാതെ ബസ് നിർത്തി 48 യാത്രക്കാരുടെ ജീവൻ രക്ഷിച്ച കെഎസ്ആർടിസി ഡ്രൈവർ ഒടുവിൽ മരണത്തിന് കീഴടങ്ങി. താമരശ്ശേരി സ്വദേശി സിഗീഷ് കുമാറാണ് മരിച്ചത്. താമരശ്ശേരി ഡിപ്പോയിലെ ഡ്രൈവറായിരുന്നു സിഗീഷ്. ചികിത്സയിലിരിക്കെയാണ് മരണം.
താമരരശേരിയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള കെഎസ്ആർടിസിയുടെ വിനോദയാത്ര ബസിലെ ഡ്രൈവറായിരുന്നു സിഗീഷ്. കഴിഞ്ഞ മാസം യാത്രക്കാരുമായി പോകുമ്പോഴാണ്
സിഗീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ബസ് റോഡരികിലേക്ക് സുരക്ഷിതമായി നിർത്തി. ഇതിന് പിന്നാലെ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. സിഗീഷ് വീണതിന് പിന്നാലെയാണ് കണ്ടക്ടറും യാത്രക്കാരും സംഭവമറിഞ്ഞത്.
കുന്നുംകുളത്ത് എത്തിയപ്പോഴാണ് ഡ്രൈവർക്ക് പക്ഷാഘാതമുണ്ടായത്. തുടർന്ന് ബസിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് സിഗീഷിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മനോധൈര്യം വെടിയാതെ സന്ദർഭോചിതമായി പ്രവർത്തിച്ച സിഗീഷിനെ സമൂഹമാദ്ധ്യമങ്ങൾ വഴി നിരവധി പേരാണ് പ്രശംസിച്ചത്.
നേരത്തെയും സിഗീഷിന്റെ ധൈര്യം യാത്രക്കാരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മൂന്നാറിൽ ഉണ്ടായ മണ്ണിടിച്ചിലിൽ സിഗീഷ് ഓടിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടിരുന്നു. മണ്ണിടിച്ചിലിൽ ബസ്സിന്റെ ഗ്ലാസ് ഉൾപ്പെടെ തകർന്നിട്ടും യാത്രക്കാരെ സുരക്ഷിതമായി താമരശ്ശേരിലെത്തിക്കാൻ സിഗീഷിന് കഴിഞ്ഞിരുന്നു.
Comments