മുംബൈ : ഡൽഹിയിൽ 17 കാരിക്ക് നേരെ ആസിഡ് ആക്രമണം നടന്ന സംഭവത്തിൽ
പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ചെറുപ്രായത്തിൽ തന്റെ സഹോദരിക്ക് ഉണ്ടായ അനുഭവവും നടി പങ്കുവെച്ചിട്ടുണ്ട്. അക്കാലത്ത് മുഖം മറയ്‌ക്കാതെ റോഡിൽ ഇറങ്ങി നടക്കാൻ പോലും തനിക്ക് ഭയമായിരുന്നു എന്ന് കങ്കണ പറഞ്ഞു.
” എന്റെ കൗമാരക്കാലത്ത്, സഹോദരി രങ്കോലിക്ക് നേരെ ഒരാൾ ആസിഡ് ആക്രമണം നടത്തിയിട്ടുണ്ട്. അന്ന് അവൾ 52 ശസ്ത്രക്രിയകൾ വിധേയയായി. സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത ശാരീരിക, മാനസിക സമ്മർദ്ദങ്ങളിലൂടെയാണ് തന്റെ സഹോദരി കടന്നുപോയത്. കുടുംബം തന്നെ തകർന്ന അവസ്ഥയിലായിരുന്നു. ഇതെല്ലാം നേരിട്ട് കണ്ടുനിന്ന എനിക്കും വളരെയധികം മാനസിക സമ്മർദ്ദം ഉണ്ടായി. മുഖം മറയ്‌ക്കാതെ റോഡിലൂടെ ഇറങ്ങി നടക്കാൻ പോലും ഭയമായിരുന്നു. സമീപത്ത് കൂടി ഒരു കാറോ ബൈക്കോ പോയാൽ പോലും ഞാൻ ഞെട്ടിത്തിരിഞ്ഞ് നോക്കുമായിരുന്നു” എന്ന് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇന്ന് ആസിഡ് ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. പെൺകുട്ടികൾക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടിയെടുക്കണം. ഇക്കാര്യത്തിൽ ബിജെപി എംപി ഗൗതം ഗംഭീറിന്റെ നിലപാടിനോട് താൻ യോജിക്കുന്നുവെന്നും കങ്കണ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് 17 കാരിയായ പെൺകുട്ടിക്ക് നേരെ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ആസിഡ് ആക്രമണം നടത്തിയത്. പ്രണയത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നായിരുന്നു ആക്രമണം. എട്ട് ശതമാനം പൊള്ളലേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments