ലണ്ടൻ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലണ്ടനിൽ കഴിയുന്ന വിവാദ വ്യവസായി നീരവ് മോദിക്ക് വീണ്ടും തിരിച്ചടി. തന്നെ ഇന്ത്യക്ക് കൈമാറാനുള്ള ലണ്ടൻ ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ യുകെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീരവ് മോദിയുടെ ശ്രമം പരാജയപ്പെട്ടു. നീരവിന് സുപ്രീം കോടതിയെ സമീപിക്കാൻ അനുവാദം നൽകാനാവില്ലെന്ന് ലണ്ടൻ ഹൈക്കോടതി വ്യക്തമാക്കി. ഇന്ത്യയിലേക്ക് നാടുകടത്തിയാൽ താൻ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന നീരവിന്റെ വാദം കോടതി ചെവിക്കൊണ്ടില്ല.
11,000 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാണ് നീരവ് മോദി. ഇന്ത്യയിൽ നീരവിനെതിരെ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടപടികളുമായി മുന്നോട്ട് പോവുകയാണ്. 2019 മാർച്ച് മുതൽ നീരവ് മോദി ലണ്ടനിൽ ജയിലിലാണ്.
ലണ്ടനിലെ നിയമ പ്രകാരം, ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ പോകാൻ പൊതുകാര്യ പ്രസക്തമായ കേസുകളുമായി ബന്ധപ്പെട്ടവർക്ക് മാത്രമേ അനുവാദമുള്ളൂ. ഇതിന് ഹൈക്കോടതിയുടെ അനുമതിയും ആവശ്യമാണ്. പൊതുകാര്യ പ്രസക്തമായ കേസല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീരവ് മോദിയുടെ അപേക്ഷ ലണ്ടൻ ഹൈക്കോടതി തള്ളിയത്. കോടതി ചിലവ് ഇനത്തിൽ 1,50,247 പൗണ്ട് (ഏകദേശം ഒന്നരക്കോടി രൂപ) കെട്ടിവെക്കാനും ലണ്ടൻ ഹൈക്കോടതി നീരവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
















Comments