ഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്ര 100 ദിവസം പിന്നിട്ടതിന് പിന്നാലെ യാത്രയെ പുകഴ്‌ത്തി കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറാകുന്ന കോൺഗ്രസിന് അടിത്തറ പാകുന്നതാണ് ഭാരത് ജോഡോ യാത്ര. രാജ്യത്ത് ഏകാധിപത്യ ഭരണമാണ്. അതിനെ ചെറുക്കാനും രാജ്യത്തെ ഒന്നിപ്പിക്കാനുമാണ് കോൺഗ്രസ് യാത്ര നടത്തുന്നതെന്നും ഖാർഗെ പറഞ്ഞു.
‘ഭാരത് ജോഡോ യാത്ര 100 ദിവസം പൂർത്തിയാക്കി കൊണ്ട് ഒരു നാഴിക കല്ല് സൃഷ്ടിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകൾ യാത്രയിൽ പങ്കെടുക്കുകയും പിന്തുണ നൽകുകയും കോൺഗ്രസിനു മേലുള്ള തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യുവാക്കൾ, കർഷകർ, സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർ, സ്ത്രീകൾ, സാമൂഹിക പ്രവർത്തകർ, മുൻ സൈനികർ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായും യാത്രയിലുടനീളം ഞങ്ങൾ ആശയവിനിമയം നടത്തുന്നുണ്ട്. ഭാരത് ജോഡോ യാത്ര രാജ്യത്തെ ഒന്നിപ്പിക്കും’.
‘എസ്‌സി, എസ്‌ടി, ഒബിസി, ന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരെ രാജ്യത്ത് അതിക്രമങ്ങൾ വർദ്ധിക്കുകയാണ്. കഴിഞ്ഞ എട്ട് വർഷമായി രാജ്യത്ത് കടുത്ത ദാരിദ്രമാണ്. തൊഴിലില്ലായ്മ രാജ്യത്ത് ശക്തമാണ്. ഇത് സംബന്ധിച്ച് ജനങ്ങൾ പല നിർദ്ദേശങ്ങളും കോൺഗ്രസുമായി പങ്കുവെച്ചിട്ടുണ്ട്. ബിജെപിക്ക് അധികാരത്തോടുള്ള അത്യാർത്തിയാണ്. അവർ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തി’ എന്നുമാണ് ഖാർഗെയുടെ വാദം.
Comments