ന്യൂഡൽഹി : പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ മോദി വിരുദ്ധ പരാമർശം പാകിസ്താന് നാണക്കേടുണ്ടാക്കിയിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭൂട്ടോ നടത്തിയ പരാമർശത്തിനെതിരെയാണ് വിദേശകാര്യ മന്ത്രാലയം മറുപടി നൽകിയത്.
”ബംഗാളിലെ ജനങ്ങൾക്കും ഹിന്ദുക്കൾക്കും നേരെ പാകിസ്താൻ ഭരണാധികാരികൾ 1971 ൽ നടത്തിയ വംശഹത്യ, പാക് വിദേശകാര്യ മന്ത്രി മറന്നു പോയിരിക്കുന്നു. ദൗർഭാഗ്യവശാൽ, ഇന്നും പാകിസ്താൻ തങ്ങളുടെ രാജ്യത്തെ ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റത്തിൽ കാര്യമായ മാറ്റമൊന്നും വരുത്തിയതായി തോന്നുന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാനുളള യോഗ്യത പാകിസ്താന് തീർച്ചയായും ഇല്ല,” എന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പാകിസ്താൻ തീവ്രവാദത്തെ അവരുടെ സംസ്ഥാന നയത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. രാജ്യം സ്വന്തം ചിന്താഗതി മാറ്റണം, അല്ലെങ്കിൽ ലോകത്തിന് മുന്നിൽ നാണം കെടാനേ നേരമുണ്ടാകൂ.
ബിലാവലിന്റെ പ്രസ്താവനകളെ ‘അപരിഷ്‌കൃതമായ പൊട്ടിത്തെറി’ എന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രാലയം, തീവ്രവാദികളെ ഉപയോഗിക്കാനുള്ള പാകിസ്താന്റെ ‘വർദ്ധിച്ചുവരുന്ന കഴിവില്ലായ്മ’യാണ് ഇത്തരം സംഭവങ്ങൾ കാണിക്കുന്നതെന്ന് പറഞ്ഞു.
”ന്യൂയോർക്ക്, മുംബൈ, പുൽവാമ, പത്താൻകോട്ട്, ലണ്ടൻ തുടങ്ങിയ നഗരങ്ങൾ പാകിസ്താൻ സ്പോൺസർ ചെയ്യുന്നതും പിന്തുണയ്‌ക്കുന്നതുമായ തീവ്രവാദത്തിന്റെ അനന്തരഫലങ്ങൾ പേറുന്ന നഗരങ്ങളിൽ ഉൾപ്പെടുന്നു. പാകിസ്താന്റെ വിവിധ മേഖലകളിൽ നിന്ന് പുറപ്പെടുന്ന തീവ്രവാദം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തുകയാണ്. ”മേക്ക് ഇൻ പാകിസ്താൻ” തീവ്രവാദം അവസാനിപ്പിക്കണം,” എന്നും മന്ത്രാലയം പറഞ്ഞു.
യുഎൻ പട്ടികയിൽ ഉൾപ്പെട്ട 126 ഭീകരരും 27 ഭീകര സംഘടനകളും പാകിസ്താനിലാണെന്ന് രാജ്യത്തിന് അഭിമാനിക്കാനാകും എന്നും മന്ത്രാലയം വ്യക്തമാക്കി.
പാകിസ്താൻ ഭീകരൻ അജ്മൽ കസബിന്റെ വെടിയുണ്ടകളിൽ നിന്ന് 20 ഗർഭിണികളുടെ ജീവൻ രക്ഷിച്ച മുംബൈയിലെ നഴ്സ് ആയിരുന്ന അഞ്ജലി കുൽത്തെയുടെ കഥ പാക് വിദേശകാര്യമന്ത്രി ഇന്നലെ യുഎൻ സുരക്ഷാ കൗൺസിലിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിക്കുന്നു. പാകിസ്താനെ വെള്ളപൂശാനാണ് അപ്പോഴും അദ്ദേഹം ആഗ്രഹിച്ചത് എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
















Comments