ഇൻഡോർ: ട്രാൻസ്‌ജെൻഡർ സമൂഹത്തിന് സർക്കാർ ജോലികളിൽ സംവരണം ആവശ്യമാണെന്ന് ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ജഡ്ജി ജോയിത മൊണ്ടൽ. തന്റെ സമൂഹത്തിലുള്ളവർക്ക് ഉയർന്നു വരണമെങ്കിൽ സർക്കാർ സംവരണം ഏർപ്പെടുത്തണം. പോലീസ് സേന, റെയിൽവേ തുടങ്ങിയ വിഭാഗങ്ങളിലേക്ക് ട്രാൻസ് സമൂഹം എത്തുന്നതോടെ സമൂഹത്തിന്റെ കാഴ്ചപ്പാട് മാറുമെന്നും ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ജീവിത നിലവാരം ഉയർത്താൻ സർക്കാർ പദ്ധതികൾ ആവിഷ്കരിക്കണമെന്നും അവർ വ്യക്തമാക്കി.
‘ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് സർക്കാർ ജോലിയിൽ സംവരണം നൽകേണ്ടത് വളരെ പ്രധാനമാണ്. എനിക്ക് ജോലി ഇല്ലെങ്കിൽ ആരാണ് എന്നെ പോറ്റാൻ പോകുന്നത്? സംവരണത്തിന്റെ ബലത്തിൽ, ട്രാൻസ്‌ജെൻഡറുകൾ പോലീസ് സേനയിലും റെയിൽവേയിലും നിയമിക്കപ്പെടുകയാണെങ്കിൽ അവർ സമൂഹത്തിൽ മുന്നേറും. മാത്രമല്ല, ട്രാൻസ്‌ജെൻഡർ വിഭാഗത്തോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടും മാറും. ട്രാൻസ്‌ജെൻഡർ സമൂഹത്തിന് രാജ്യത്ത് മതിയായ തരത്തിൽ ഷെൽട്ടർ ഹോമുകൾ ആവശ്യമാണ്. സർക്കാർ ഇക്കാര്യത്തിൽ ഒരു പദ്ധതി ആവിഷ്കരിക്കണം’ എന്ന് ജോയിത മൊണ്ടൽ പറഞ്ഞു.
2017-ൽ പശ്ചിമ ബംഗാളിലെ ഇസ്‌ലാംപൂരിലെ ലോക് അദാലത്തിൽ ജഡ്‌ജിയായി നിയമിതയായ വ്യക്തിയാണ് ജോയിത മൊണ്ഡൽ. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നും രാജ്യത്ത് ഇത്തരമൊരു പദവി വഹിക്കുന്ന ആദ്യ വ്യക്തിയായി മാറി ജോയിത. 2018-ന്റെ തുടക്കത്തിൽ മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ നടന്ന ലോക് അദാലത്തിൽ ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് വിദ്യ കാംബ്ലെയും ജഡ്ജിയായി നിയമിക്കപ്പെട്ടു. 2018-ന്റെ അവസാനം രാജ്യത്തിന് മൂന്നാമത്തെ ട്രാൻസ്‌ജെൻഡർ ജഡ്ജിയെയും ലഭിച്ചു, ഗുവഹാത്തിയിൽ നിന്നുള്ള സ്വാതി ബിദാൻ ബറുവ.
















Comments