ലണ്ടൻ: യുക്രെയ്‌നിൽ റഷ്യയുടെ മിസൈൽ ആക്രമണം തുടരുമ്പോൾ ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തിൽ പണിതുയർത്തിയ റഷ്യൻ പ്രസിഡന്റിന്റെ പ്രതിമ വിവാദമാകുകയാണ്. ഇംഗ്ലണ്ടിലെ ബെൽ എൻഡ് വില്ലേജിലാണ് വ്‌ളാഡിമിർ പുടിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ബെല്ലെൻഡ് ഓഫ് ദി ഇയർ (Bellend of the year) എന്ന അടിക്കുറിപ്പും പ്രതിമയ്‌ക്ക് ചുവട്ടിൽ നൽകിയിട്ടുണ്ട്. ശല്യക്കാരനും അവിവേകിയുമായ വ്യക്തികളെ ബ്രിട്ടീഷുകാർ വിശേഷിപ്പിക്കുന്ന വാക്കാണ് ബെല്ലെൻഡ് എന്നത്.
പ്രതിമയ്‌ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. പുരുഷന്മാരുടെ ലൈംഗികാവയവത്തെ വ്‌ളാഡിമർ പുടിന്റെ തലയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന രീതിയിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഇതായിരുന്നു വിവാദത്തിന് കാരണമായത്. അശ്ലീലമായി പ്രതിമ തയ്യാറാക്കി റഷ്യൻ പ്രസിഡന്റിനെ അധിക്ഷേപിക്കുകയാണ് ചെയ്തതെന്നാണ് വിമർശനം. എന്നാൽ പത്ത് മാസത്തിലധികമായി യുക്രെയ്‌നിൽ തുടരുന്ന റഷ്യൻ അധിനിവേശത്തിന് മറുപടിയാണ് അശ്ലീല പ്രതിമയെന്ന് പ്രതിഷേധക്കാർ പ്രതികരിച്ചു.
റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമയ്‌ക്ക് ചുവടെ മുട്ടകളടങ്ങിയ കാർട്ടൂൺ ബോക്‌സുകളും വച്ചിട്ടുണ്ട്. പ്രതിമയ്‌ക്ക് സമീപം വന്നുപോകുന്നവർക്ക് പുടിന് നേരെ മുട്ടയേറ് നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്നും പ്രതിഷേധക്കാർ അറിയിച്ചു. ലണ്ടനിലെ തെരുവിൽ സ്ഥാപിച്ച പ്രതിമയ്‌ക്ക് സമീപവാസികളിൽ നിന്നും കാൽനട യാത്രക്കാരിൽ നിന്നും വൻ വരവേൽപ്പാണ് ലഭിക്കുന്നത്. ആളുകൾ അത്യധികം സന്തോഷത്തോടെ പ്രതിമയെ സന്ദർശിക്കുന്നുണ്ടെന്നും മുട്ടയെറിഞ്ഞ് പോകുന്നുണ്ടെന്നും പ്രതിഷേധക്കാർ പറയുന്നു.
Comments