ബെയ്ജിംഗ്: കൊറോണ നിയന്ത്രണങ്ങൾ നീക്കി ചൈന. കടുത്ത നിയന്ത്രണങ്ങൾ നീക്കിയതോടെ കേസുകളും മരണങ്ങളും വർദ്ധിക്കാനിടയുണ്ടെന്ന് റിപ്പോർട്ട് പുറത്തുവന്നു. 2023-ൽ പത്ത് ലക്ഷത്തിലേറെ കൊറോണ മരണങ്ങൾ ഉണ്ടാകുമെന്നാണ് യുഎസ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാലുവേഷന്റെ(ഐഎച്ച്എംഇ) പ്രൊജക്ഷൻ റിപ്പോർട്ടിൽ പറയുന്നത്.
2023 ഏപ്രിൽ ഒന്നിന് കൊറോണ കേസുകൾ പരമാവധിയിലെത്തുമെന്നും മരണസംഖ്യ 3.22 ലക്ഷം ആകുമെന്നുമാണ് പ്രവചനം. ചൈനയിലെ മൂന്നിലൊരാൾക്കും ഈ സമയത്തിനകം കൊറോണ ബാധിച്ചിട്ടുണ്ടാകുമെന്ന് ഐഎച്ച്എംഇ ഡയറക്ടർ ക്രിസ്റ്റഫർ മറെ പറഞ്ഞു. ജനകീയ പ്രക്ഷോഭങ്ങൾ കടുത്തത്തോടെയാണ് കൊറോണ നിയന്ത്രണങ്ങളിൽ അയവുവരുത്തിയത്. ഇതിന് ശേഷം ചൈനയുടെ ആരോഗ്യവിഭാഗം ഔദ്യോഗികമായി മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
അവസാനമായി മരണം രേഖപ്പെടുത്തിയിട്ടുള്ളത് ഡിസംബർ മൂന്നിനാണ്. അന്ന് ആകെ മരണം 5,235 ആയിരുന്നു. സീറോ കോവിഡ് നയം ആദ്യ ഘട്ടത്തിൽ ഏറെ ഫലപ്രദമായിരുന്നുവെന്നും ഒമിക്രോൺ വകഭേദം ഉണ്ടായപ്പോഴാണ് സ്ഥിതിഗതികൾ മാറി മറിഞ്ഞതെന്നും മറെ ചൂണ്ടിക്കാട്ടി. കൊറോണ വീണ്ടും വ്യാപകമായതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. പല പ്രവിശ്യകളിലും ലോക്ഡൗൺ സമാനമായിരുന്നു നിയന്ത്രണങ്ങൾ. ഇതിനെതിരെ നിരവധി പേരാണ് പ്രതിഷേധിച്ചത്. തുടർന്നാണ് നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനമായത്.
Comments