ജയ്പൂർ : വിധവയായ അമ്മായിയെ കൊലപ്പെടുത്തിയ കേസിൽ മരുമകൻ അറസ്റ്റിൽ. അനുജ് ശർമ്മ(33) ആണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം.
ഡിസംബർ 11 ന് അമ്മായിയായ സരോജ് ശർമ്മയെ കാണാനില്ലെന്ന് അനുജ് പോലീസിൽ പരാതി നൽകിയിരുന്നു. രാവിലെ അമ്പലത്തിലേക്ക് പോയ സരോജ് തിരിച്ചെത്തിയില്ല എന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ എന്തോ ഒളിക്കുന്നതായി പോലീസിന് സംശയം തോന്നി.
അടുക്കളയിൽ നിന്ന് അനുജ് കൈയ്യിലെ ചോര കഴുകിക്കളയുന്നത് ശ്രദ്ധയിൽപ്പെട്ട സരോജിന്റെ മകളാണ് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയത്. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
ഭർത്താവിന്റെ മരണശേഷം, സരോജിനെ അനുജ് ആണ് ശുശ്രൂഷിച്ചിരുന്നത്. സരോജിന് ഒരു ആൺകുട്ടിയും രണ്ട് പെൺമക്കളുമാണ് ഉണ്ടായിരുന്നത്. മകൻ വിദേശത്തായിരുന്നു. അനുജിന്റെ ചിലവുകളെല്ലാം സരോജ് നോക്കിയിരുന്നു. എന്നാൽ ഇവർ പ്രതിയുടെ എല്ലാ കാര്യങ്ങളിലും ഇടപെടാൻ ആരംഭിച്ചു. ഇത് പല പ്രശ്‌നങ്ങൾക്കും കാരണമായി. അനുജ് ഡൽഹിയിലേക്ക് പോകാൻ തീരുമാനിച്ചെങ്കിലും സരോജ് അതിന് സമ്മതിച്ചില്ല. ഇതോടെ ഇയാൾ സരോജിനെ കൊലപ്പെടുത്തുകയായിരുന്നു.
സരോജിനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം, മാർബിൾ കട്ടിംഗ് മെഷീൻ ഉപയോഗിച്ച് മൃതദേഹം പത്ത് കഷ്ണങ്ങളാക്കി മുറിക്കുകയായിരുന്നു. തുടർന്ന് ശരീരാവശിഷ്ടങ്ങൾ ബക്കറ്റിലും സ്യൂട്ട് കേസിലുമാക്കി കാട്ടിൽ പലസ്ഥലങ്ങളിലായി കൊണ്ടുപോയി എറിഞ്ഞുകളഞ്ഞു.
ഡൽഹിയിൽ ശ്രദ്ധ വാൽക്കർ എന്ന യുവതിയെ കാമുകനായ അഫ്താബ് കൊലപ്പെടുത്തിയ ശേഷം 35 കഷ്ണങ്ങളാക്കി മുറിച്ച് പലയിടങ്ങളിൽ കൊണ്ടുപോയി ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ മറ്റൊരു കേസ് റിപ്പോർട്ട് ചെയ്യുന്നത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ കാട്ടിൽ നിന്നും ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തു. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Comments