ലണ്ടൻ: യുകെയിലെ മലയാളി നഴ്‌സിന്റെ കൊലപാതകത്തിൽ ഭർത്താവ് സാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ജുവിനെയും മക്കളെയും ശ്വാസം മുട്ടിച്ച് കൊന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ബ്രിട്ടണിലെ പോലീസ് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പരമാർശിക്കുന്നത്.
അഞ്ജുവിനെ കൊന്നത് കഴുത്തറുത്താണെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം . എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉദ്ധരിച്ച് ബ്രിട്ടീഷ് പോലീസ് പറയുന്നത് അഞ്ജുവിനെയും, ആറും നാലും വയസുള്ള മക്കളെയും കൊന്നത് ശ്വാസം മുട്ടിച്ചാണെന്നാണ്. പ്രതിയായ സാജുവിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. നോർത്താംപ്ടണിലുള്ള കോടതിയിലാണ് ഹാജരാക്കുക.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു യുകെയിൽ നഴ്‌സായി ജോലി ചെയ്യുന്ന അഞ്ജുവും ഇവരുടെ രണ്ട് മക്കളും കൊല്ലപ്പെട്ടത്. വൈക്കം സ്വദേശിനിയാണ് അഞ്ജു. വീട് തുറന്ന് പരിശോധിച്ച പോലീസാണ് അഞ്ജുവിന്റെ മൃതദേഹം കണ്ടെത്തിയത്. മക്കളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന് പിന്നാലെ ഭർത്താവ് സാജു ഓടിരക്ഷപ്പെട്ടുവെങ്കിലും പിന്നീട് പോലീസ് പിടിയിലാകുകയായിരുന്നു.
Comments