കൊച്ചി : ലോകകപ്പ് ഫുട്‌ബോൾ മത്സരം കണ്ട് കിടന്ന യുവ ഫുട്‌ബോൾ താരത്തിന്റെ തലച്ചോറിൽ രക്തം കട്ടപിടിച്ച് ഗുരുതരാവസ്ഥയിൽ തുടരുന്നു. കാക്കനാട് പാറയ്‌ക്കാമുകൾ കളപ്പുരയ്‌ക്കൽ കെ പി അക്ഷയ് (അച്ചു- 23) ആണ് ചികിത്സയിൽ കഴിയുന്നത്. ബ്രസീൽ- ക്രൊയേഷ്യ ക്വാർട്ടർ ഫൈനൽ മത്സരം സുഹൃത്തിക്കൾക്കൊപ്പം ബിഗ് സ്‌ക്രീനിൽ കണ്ട് കിടന്നതാണ്. പിന്നീട് ഇതുവരെ എഴുന്നേറ്റിട്ടില്ല.
ലോകകപ്പിൽ ബ്രസീൽ പുറത്താകുന്ന സമയത്ത് കടുത്ത നിരാശയിലായിരുന്ന അക്ഷയ് കളികണ്ടുകൊണ്ട് തന്നെ കിടക്കുകയായിരുന്നു. ക്ഷീണം മാറാൻ കിടക്കുന്നുവെന്നാണ് സുഹൃത്തുക്കളും വിചാരിച്ചത്. എന്നാൽ രാവിലെ വിളിച്ചിട്ടും എഴുന്നേൽക്കാതെ വന്നതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അമിത രക്തസമ്മർദം മൂലം തലച്ചോറിൽ രക്തം കട്ടപിടിച്ചെന്നും ഗുരുതരാവസ്ഥയാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. നിലവിൽ വെന്റിലേറ്ററിൽ തുടരുകയാണ്. അക്ഷയുടെ ജീവൻ രക്ഷിക്കാൻ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് 18 ലക്ഷത്തോളം രൂപ ചിലവാകും. കൂലിപ്പണി ചെയ്ത് കുടുംബം നോക്കുന്ന അച്ഛനും അമ്മയ്‌ക്കും ഈ തുക താങ്ങാവുന്നതിലുമപ്പുറമാണ്. അതിനാൽ ചികിത്സയ്‌ക്കാവശ്യമായ പണം സമാഹരിക്കുന്നതിനായി നാടൊന്നാകെ ചേർന്നിരിക്കുകയാണ്.
Comments