ലോകകപ്പ് കിരീടം ചൂടിയ അർജന്റീനയെയും അവസാന നിമിഷം വരെ ഒപ്പത്തിനൊപ്പം നിന്ന് പോരാടിയ ഫ്രാൻസിനെയും നിരവധി പേരാണ് പുകഴ്‌ത്തുന്നത്. ഇത്തവണത്തെ ലോകകപ്പ് ചർച്ച ചെയ്തത് കേരളത്തിലെ ഫുട്ബോൾ പ്രേമത്തെപ്പറ്റിയും കൂടിയാണ്. മെസിയുടെയും നെയ്മറിന്റെയും റൊണാൾഡോയുടെയും കൂറ്റൻ കട്ടൗട്ടുകൾ ഉയർന്നതോടെ ഫുട്ബോൾ ലോകത്ത് മുഴുവൻ കേരളം ചർച്ചയായി. ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ നിരവധി മലയാളികൾക്കാണ് അവസരം ലഭിച്ചത്. അർജന്റീന- ഫ്രാൻസ് പോരാട്ടം നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ മലയാളികളുടെ ശബ്ദം ആർത്തിരമ്പി. കേരളത്തിലെ രാഷ്‌ട്രീയ നേതാക്കൾക്കിടയിലും ഫുട്ബോൾ ആവേശത്തിന് കുറവുണ്ടായില്ല. അർജന്റീനയുടെ വിജയത്തിന് കേരളത്തിലെ പല നേതാക്കളും നടത്തിയ പ്രതികരണങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാണ്. ഇതിൽ ട്രോളുകളിൽ ഇടം നേടുന്നത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഫെയ്സ്ബുക്ക് കുറിപ്പുകളാണ്.
അർജന്റീനയുടെ ചരിത്ര വിജയത്തിന് പിന്നാലെ ‘ദൗത്യം പൂർത്തിയാക്കി'(Mission accomplished) എന്നാണ് ലോകകപ്പിൽ മെസി മുത്തമിടുന്ന ചിത്രം പങ്കുവെച്ചു കൊണ്ട് മുഹമ്മദ് റിയാസ് കുറിച്ചത്. ഒരു വിഭാഗം മന്ത്രിയുടെ പോസ്റ്റിന് താഴെ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുമ്പോൾ മറ്റൊരു വിഭാഗം ദിവസങ്ങൾക്ക് മുമ്പ് മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് കുത്തിപ്പൊക്കി ട്രോളുകയാണ്. ‘ഫ്രാന്‍സ് ഫുട്ബോള്‍ ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനവും കേരളത്തിലേക്ക് ഫ്രാന്‍സിന് സ്വാഗതവും. ലോകകപ്പ് ഫുട്ബോളില്‍ സെമി ഫൈനലില്‍ എത്തിയ ഫ്രാന്‍സ് ഫുട്ബോള്‍ ടീമിനുള്ള അഭിനന്ദനം മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്’ എന്ന് ദിവസങ്ങൾക്ക് മുമ്പ് മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.
മന്ത്രിയുടെ പോസ്റ്റിന് താഴെ ‘സന്തോഷായി’ എന്ന് കമന്റ് ഇട്ട ഫുട്ബോൾ പ്രേമിക്ക് മുഹമ്മദ് റിയാസ് ലൈക്കും ചെയ്തിട്ടുണ്ട്. ‘ട്രോളിയതാണെന്ന് മന്ത്രിയുടെ അഡ്മിന് മനസിലായില്ലെന്ന് തോന്നുന്നു’ എന്നാണ് മന്ത്രിയുടെ ലൈക്കിന് പിന്നാലെ വന്ന കമന്റുകൾ. ‘ഒരു കാര്യം ഉറപ്പ് ആയി, കപ്പ് മെസിക്ക് തന്നെ’, ‘അർജൻ്റീനക്കാർക്ക് സന്തോഷിക്കാം’ എന്നിങ്ങനെ നീളുന്നു കമന്റുകൾ. മുഹമ്മദ് റിയാസിന്റെ രണ്ട് പോസ്റ്റുകളും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.
















Comments