ബെംഗളൂരു: കർണാടകയിൽ മതപരിവർത്തനത്തിന് നിർബന്ധിച്ച മൂന്ന് ക്രിസ്ത്യൻ മിഷണറിമാർക്കെതിരെ കേസ്. ഹിന്ദുക്കളെ നിർബന്ധിച്ച് മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് രണ്ട് യുവതികൾ ഉൾപ്പെടെയുള്ള മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തത്. കർണാടകയിലെ തുമകുരുവിലാണ് സംഭവം.
ക്രിസ്ത്യൻ മിഷണറിമാർ ചേർന്ന് നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന പരാതിയുമായി രവിയെന്നയാളാണ് പോലീസിനെ സമീപിച്ചത്. തുമകുരുവിലെ ജയനഗർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന മരലൂരു ഡിന്നെ എന്ന ഗ്രാമത്തിലെ സ്വദേശിയാണ് രവി. ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്ത പരാമർശങ്ങളും വാദങ്ങളുമായി മൂന്ന് ക്രിസ്ത്യൻ മിഷണറിമാർ ഞായറാഴ്ചയാണ് രവിയുടെ വീട്ടിലെത്തിയത്. ഹിന്ദുമതം ഉപേക്ഷിക്കണമെന്നും ക്രിസ്തുമതം സ്വീകരിക്കണമെന്നുമായിരുന്നു മൂവരുടെയും ആവശ്യം.
ക്രിസ്തു മതം സ്വീകരിച്ചാൽ മാത്രമേ ദൈവം രവിയെ അനുഗ്രഹിക്കുകയുള്ളൂ. മതം മാറിയാൽ കുടുംബത്തിനുൾപ്പെടെ എല്ലാവിധ സുരക്ഷയും പ്രദാനം ചെയ്യാം. ഗണേശ ചതുർത്ഥി ഉൾപ്പെടെ ഹിന്ദു വിശ്വാസ പ്രകാരം കൊണ്ടാടുന്ന ആചാരങ്ങൾ മണ്ടത്തരമാണ്. ഈ ലോകത്ത് ഒരു ഈശ്വരനേയുള്ളൂ. അല്ലാതെ ഹിന്ദുക്കൾ പറയുന്ന പോലെ 36 കോടി ദൈവങ്ങളൊന്നുമില്ല.. എന്നെല്ലാമാണ് മൂവർ സംഘം തങ്ങളോട് പറഞ്ഞതെന്ന് രവി പരാതിയിൽ വ്യക്തമാക്കി. തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
















Comments