ഭൂരിഭാഗം പേരും നേരിടുന്ന പ്രധാന ദന്ത പ്രശ്‌നമാണ് പല്ലുപുളിപ്പ്. പണ്ട് പ്രായമായവരിൽ മാത്രമാണ് ഈ പ്രശ്‌നം കണ്ടിരുന്നത് എങ്കിൽ ഇന്ന് യുവതലമുറയിലും ഈ പ്രശ്‌നം വ്യാപകമാണ്. ജീവിത ശൈലിയിലും ഭക്ഷണ കാര്യങ്ങളിലുമെല്ലാം തന്നെ വന്ന മാറ്റമാണ് ഇതിനുള്ള പ്രധാന കാരണം എന്ന് വേണമെങ്കിൽ പറയാം. അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ പല്ലുപുളിപ്പ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാവുന്നത് ആണ്.
നമ്മുടെ പല്ലുകൾക്ക് കരുത്തും സംരക്ഷണവും നൽകുന്നത് ഇനാമലാണ്. ഇതിനുണ്ടാകുന്ന തകരാറുകളാണ് പ്രധാനമായും ദന്തരോഗങ്ങൾക്ക് കാരണമാകുന്നത്. പല്ലിൽ നിന്നും ഇനാമൽ നഷ്ടമാകുമ്പോഴാണ് നമുക്ക് പല്ലുപുളിപ്പ് അനുഭവപ്പെടുന്നത്. ഇനാമൽ നഷ്ടപ്പെടുന്നതോടെ നമ്മുടെ പല്ലിന്റെ ആരോഗ്യവും ബലവും നഷ്ടപ്പെടുന്നു. ക്രമേണ പല്ല് കേടുവരുന്നതിലേക്കും കൊഴിഞ്ഞോ, പൊട്ടിയോ പോകുന്നതിലേക്കും ഇത് നയിക്കും. ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെ പല്ലുകൾ സംരക്ഷിക്കാൻ നമുക്ക് കഴിയും.
ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ, ഐസ്‌ക്രീം എന്നിവ പൂർണമായി ഒഴിവാക്കുന്നത് നന്നായിരിക്കും. നാരങ്ങ, ഓറഞ്ച് എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് പല്ലുകളിലെ ഇനാമൽ അതിവേഗം നശിക്കുന്നതിന് കാരണമാകുന്നു. ഇത് വഴി പല്ല് വേഗത്തിൽ കേടുവരുകയും, ഇളകി പോകുകയും ചെയ്യുന്നു. സോഫ്റ്റ് ഡ്രിംങ്ക്‌സ്, ഐസ്‌ക്രീം എന്നിവയിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയും മറ്റ് രാസവസ്തുക്കളും പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും.
പല്ലുപുളിപ്പ് ഉള്ളവർ ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോഴും പേസ്റ്റ് തിരഞ്ഞെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. പല്ലുപുളിപ്പ് ഉള്ളവർ നൈലോൺ നാരുള്ള ബ്രഷുകൾ വേണം ഉപയോഗിക്കാൻ . കട്ടിയുള്ള നാരുകൾ ഉള്ള ബ്രഷ് ഉപയോഗിക്കുന്നത് പല്ലിൽ നിന്നും കൂടുതൽ ഇനാമൽ നഷ്ടപ്പെടുന്നതിലേക്ക് വഴിവയ്‌ക്കും. ബലം പ്രയോഗിച്ച് പല്ലു തേയ്‌ക്കുന്നതും ഒഴിവാക്കണം. പല്ലുപുളിപ്പുള്ളവർ ഡിസെൻസിറ്റൈസിംഗ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് വേണം പല്ലു തേയ്‌ക്കാൻ. ഇത് പല്ലുപുളിപ്പിനെ ഒരു പരിധിവരെ പ്രതിരോധിക്കാൻ സഹായിക്കും.
എല്ലായ്‌പ്പോഴും വായ വൃത്തിയായി സൂക്ഷിക്കുന്നവരെ ദന്തരോഗം അലട്ടാറില്ല. അതിനാൽ വായ എല്ലായ്‌പ്പോഴും വൃത്തിയായി സൂക്ഷിക്കണം. വൃത്തിയില്ലാത്ത പല്ലുകളും വായയും കീടാണുക്കളുടെ കേന്ദ്രമാണ്. അതിനാൽ എന്ത് ഭക്ഷണം കഴിച്ചതിന് ശേഷവും വായ നന്നായി കഴുകുക. ദിവസവും രണ്ട് നേരം പല്ല് തേയ്‌ക്കുന്നതും നല്ലതാണ്. കൃത്യമായ ഇടവേളകളിൽ പല്ല് പരിശോധിക്കുന്നത് നല്ലതായിരിക്കും.
















Comments