കൊച്ചി: കേരളത്തിൽ 5ജി സേവനം ഇന്നുമുതൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ കൊച്ചി നഗരത്തിലും ഗുരുവായൂർ ക്ഷേത്ര പരിസരത്തുമാണ് 5ജി സേവനം ലഭ്യമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിലെ റിലയൻസ് ജിയോ ട്രൂ 5ജി സേവനം ഉദ്ഘാടനം ചെയ്തത്.
സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ വലിയ പരിവർത്തനം ഉണ്ടാക്കുന്നതിന് 5ജി സഹായമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും ഐടി അധിഷ്ഠിത വ്യവസായങ്ങളിലും ബിസിനസ് സംരംഭങ്ങൾക്കും സ്റ്റാർട്ട് അപ്പുകളിലും തുടങ്ങി വിവിധ മേഖലകളുടെ വളർച്ചയ്‌ക്ക് ഊർജ്ജം പകരാൻ 5ജിക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തിൽ തികച്ചും സൗജന്യമായാണ് 5ജി സേവനം ലഭ്യമാക്കുന്നതെന്ന് റിലയൻസ് ജിയോ കേരള ബിസിനസ് ഹെഡ് കെ.സി നരേന്ദ്രൻ അറിയിച്ചു. 5ജി ലഭിക്കുന്ന ജിയോ സിം മൊബൈൽ നമ്പറുകളിലേയ്‌ക്ക് ലഭിക്കുന്ന മെസേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് സേവനം ആരംഭിക്കാമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തും ഡിസംബറിൽ തന്നെ സേവനമാരംഭിക്കുമെന്നാണ് റിലയൻസ് ജിയോ അറിയിക്കുന്നത്. കോഴിക്കോട്, തൃശൂർ, മലപ്പുറം എന്നീ നഗരങ്ങളിൽ ജനുവരിയോടെ 5ജി എത്തും. 2023 പൂർണമാകുമ്പോഴേക്കും കേരളം മുഴുവനും 5ജി ലഭ്യമാകുമെന്ന് ജിയോ അറിയിച്ചു.
Comments