ഫിഫ ലോകകപ്പ് ഫൈനൽ മത്സരം നടന്ന രാത്രി പിന്നിട്ടതോടെ ലോകമെങ്ങും വിവിധ മേഖലകളിൽ റെക്കോർഡുകൾ ഭേദിച്ചുവെന്ന വാർത്തകളാണ് ഒന്നിന് പിറകെ ഒന്നായി പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും അധികം ലൈക്കുകൾ നേടിയ പോസ്റ്റ് എന്ന ബഹുമതി മെസ്സി പങ്കുവച്ച കിരീടനേട്ടത്തിന്റെ പോസ്റ്റിന് ലഭിച്ച് കഴിഞ്ഞു. ഇതോടെ ‘ഗിന്നസ് മുട്ട’ പഴങ്കഥയായി. കഴിഞ്ഞ 25 വർഷത്തിനിടെ ഏറ്റവും വലിയ ട്രാഫിക്കാണ് ഗൂഗിളിൽ നേരിട്ടതെന്ന് സിഇഒ സുന്ദർ പിച്ചൈയും അറിയിച്ചിരുന്നു. അർജന്റീന-ഫ്രാൻസ് ഫൈനൽ മത്സരം നടന്നിരുന്ന സമയത്ത് ലോകം മുഴുവൻ തിരഞ്ഞത് ഒരേയൊരു കാര്യമാണെന്നാണ് അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴിതാ വാട്‌സ്ആപ്പിൽ എന്തു സംഭവിച്ചുവെന്നാണ് മെറ്റ ഉടമസ്ഥനായ മാർക്ക് സുക്കർബർഗ് അറിയിക്കുന്നത്.
ലിയോ മെസ്സിയുടെ വേൾഡ് കപ്പ് പോസ്റ്റ് ഇൻസ്റ്റഗ്രാമിന്റെ ചരിത്രത്തെ തന്നെ തിരുത്തിക്കുറിച്ചിരിക്കുകയാണ്. വാട്‌സ്ആപ്പും റെക്കോർഡ് രേഖപ്പെടുത്തി. ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്ന സമയത്ത് ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് വഴി പങ്കുവച്ച മെസേജുകൾ അതിശയിപ്പിക്കുന്നതാണ്. സെക്കൻഡിൽ 25 ദശലക്ഷം മെസേജുകളാണ് ഫൈനൽ മത്സര സമയത്തുണ്ടായതെന്ന് മാർക്ക് സുക്കർബർഗ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദി ഗോട്ട് ഇഫക്ട് എന്നായിരുന്നു ഫേസ്ബുക്കിന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നും സുക്കർബർഗിന്റെ പോസ്റ്റിന് താഴെ വന്ന കമന്റ്. 21,000ത്തിലധികം പേർ ആണ് ഈ പോസ്റ്റ് പങ്കുവച്ചത്. 34,000ത്തിലധികം കമന്റുകളും മിനിറ്റുകൾക്കുള്ളിൽ പ്രത്യക്ഷപ്പെട്ടു.
















Comments