ന്യൂഡൽഹി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനും കത്തയച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. കോൺഗ്രസ് പാർട്ടിയുടെ ഭാരത് ജോഡോ യാത്ര കൊറോണ പ്രോട്ടോകോൾ പാലിച്ച് നടത്തണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം.
യാത്രയിൽ പങ്കെടുക്കുന്നവർ പരിപാടിക്ക് മുമ്പും ശേഷവും ഐസോലേഷനിൽ കഴിയണം. മാസ്‌ക് ധരിക്കുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും നടപ്പിലാക്കണം. പദയാത്രയിൽ വാക്‌സിനെടുത്തവരെ മാത്രം പങ്കെടുപ്പിക്കണമെന്നും മൻസൂഖ് മാണ്ഡവ്യ ആവശ്യപ്പെട്ടു.
മേൽപ്പറഞ്ഞ നിർദേശങ്ങൾ പാലിച്ചുകൊണ്ട് കാൽനടയാത്ര നടത്താൻ സാധിക്കില്ലെന്നാണെങ്കിൽ ദേശീയ താത്പര്യവും പൊതുജനാരോഗ്യവും കണക്കിലെടുത്ത് ഭാരത് ജോഡോ യാത്ര മാറ്റിവയ്‌ക്കണമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ചൈനയിൽ ഉൾപ്പെടെ പല രാജ്യങ്ങളിലും കൊറോണ വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.
അതേസമയം ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ അവസാനിച്ച് ബുധനാഴ്ച രാവിലെയോടെ ഹരിയാനയിലേക്ക് കടന്നു. സെപ്റ്റംബർ ഏഴിന് ആരംഭിച്ച യാത്ര ഇതുവരെ തമിഴ്‌നാട്, കേരളം, കർണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ പൂർത്തിയായി കഴിഞ്ഞു.
















Comments