ന്യൂഡൽഹി: സെൽഫിയെടുക്കാൻ വന്നയാളോട് അതിരൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്ന രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. രാജസ്ഥാനിൽ നടന്ന ഭാരത് ജോഡോ യാത്രക്കിടെയാണ് സംഭവം. സെൽഫിയെടുക്കാൻ മൊബൈൽ ഉയർത്തിയ യുവാവിന്റെ കൈയ്യിൽ നിന്നും ഫോൺ തട്ടിപ്പറിയ്‌ക്കുന്ന രാഹുലിനെ ദൃശ്യങ്ങളിൽ കാണാം.
ഭാരത് ജോഡോ യാത്രയോട് അനുബന്ധിച്ച് സജ്ജമാക്കിയ വേദിയിൽ നിരവധിയാളുകൾക്കൊപ്പം രാഹുൽ ഗാന്ധി നിൽക്കുന്നതാണ് ദൃശ്യങ്ങളുടെ തുടക്കം. അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോയെടുക്കാൻ എല്ലാവരും ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ ക്യാമറയിൽ ഒരാൾ രാഹുലിന്റെയും ഒപ്പം നിൽക്കുന്നവരുടെയും ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനായി ‘പോസ്’ ചെയ്ത് നിൽക്കുന്ന രാഹുലിന്റെ അരികിലേക്ക് മറ്റൊരാൾ മൊബൈലുമായി വരികയും സെൽഫിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. അയാളുടെ ഫോൺ കൈക്കൊണ്ട് രാഹുൽ തട്ടിമാറ്റി. എന്നാൽ ഇയാൾ വീണ്ടും സെൽഫിയെടുക്കാൻ ശ്രമിച്ചു. കുപിതനായ രാഹുൽ യുവാവിന്റെ കൈയ്യിൽ നിന്നും ഫോൺ പിടിച്ചുവാങ്ങി തുറിച്ചുനോക്കി. പിന്നീട് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിൽ പ്രതികരിച്ച് ബിജെപി ദേശീയ ഐടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തി. പൊതുജനസമക്ഷത്തിൽ എങ്ങനെ പെരുമാറണമെന്നത് രാഹുൽ ഇനിയും പഠിക്കേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വൈറലാകുന്ന വീഡിയോയും അമിത് മാളവ്യ പങ്കുവച്ചു.
Rahul Gandhi needs lessons in how to conduct himself in public. pic.twitter.com/iDnPTM4iTO
— Amit Malviya (@amitmalviya) December 21, 2022
Comments