നടനവിസ്മയം മോഹൻലാലിന്റെ സാമൂഹിക മാദ്ധ്യമ പോസ്റ്റുകൾ വൈറലാകുന്നു. ജിഗ്സോ പസിൽ പോലെ, അടുക്കും ചിട്ടയുമില്ലാതെ അദ്ദേഹം പങ്കു വെക്കുന്ന ചില ചിത്രശകലങ്ങളാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നത്. പ്രിയതാരം പങ്കു വെച്ചിരിക്കുന്ന ചിത്രങ്ങളെ ആരാധകർ തങ്ങളുടെ യുക്തിക്കനുസരിച്ച് വ്യാഖ്യാനിക്കുകയാണ്.
മണലിന്റേത് എന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രമാണ് താരം ആദ്യം പങ്കുവെച്ചത്. സ്ഫടികം സിനിമയുടെ 4K റിലീസ് പ്രഖ്യാപിച്ച സാഹചര്യത്തിൽ, ചിത്രത്തിന്റെ തുടക്കത്തിൽ ആടുതോമ ഓടി വരുന്ന സീനിലെ പശ്ചാത്തലം എന്നാണ് ഇതിനെ ആദ്യം ആരാധകർ വിലയിരുത്തിയത്. എന്നാൽ, ലിജോ ജോസ് പല്ലിശ്ശേരി- മോഹൻലാൽ ടീമിന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട എന്തോ ഒന്നാണ് ഇതെന്നും പലരും അഭിപ്രായപ്പെട്ടു.
തുടർന്ന്, സമാനമായ നിരവധി ചിത്രങ്ങൾ കൂടി നിശ്ചിത ഇടവേളകളിൽ മോഹൻലാൽ പങ്കു വെച്ചു. ഒന്നിൽ ഗദയുടേതിന് സമാനമായ ഒരു ചിത്രമാണ് ഉള്ളത്. മറ്റൊന്നിൽ നക്ഷത്രത്തിന്റെ ചിത്രം. മറ്റൊരു പോസ്റ്റിൽ ‘സിനിമ‘ എന്ന് എഴുതിയ ഒരു ചിത്രവും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, ഇതോടുകൂടി, ആരാധകരുടെ ആകാംക്ഷ അതിന്റെ പാരമ്യത്തിലായിരിക്കുകയാണ്.
അതേസമയം, ചിത്രങ്ങൾ ലിജോ ജോസ് പല്ലിശ്ശേരി- മോഹൻലാൽ ടീമിന്റെ പുതിയ സിനിമയുടേതാണ് എന്ന സൂചനയുമായി നിർമ്മാതാക്കളായ ജോൺ ആൻഡ് മേരി ക്രിയേറ്റീവ് രംഗത്തെത്തി. ഇതോടെ, വലിയ ആവേശത്തോടെയാണ് ആരാധകർ പോസ്റ്റുകൾക്ക് പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നത്.
















Comments