തിരുവന്തപുരം: കർഷകരോടുള്ള വഞ്ചന തുടർന്ന് ഹോർട്ടികോർപ്പ്.കർഷകരിൽ നിന്ന് സംഭരിച്ച പച്ചക്കറികൾക്ക് ഒമ്പത് മാസമായി പണം നൽകാതെയാണ് ഹോർട്ടികോർപ്പിന്റെ വഞ്ചന. നെടുമങ്ങാട് ഗ്രാമീണ കാർഷിക മൊത്തവ്യാപാര ചന്തയിൽ മാത്രം 90 ലക്ഷം രൂപയാണ് ഹോർട്ടികോർപ്പ് കർഷകർക്ക് നൽകാനുള്ളത്.
പാട്ടത്തിന് സ്ഥലം ഏടുത്ത്, ലോണെടുത്ത് കൃഷി ചെയ്ത ചന്ദ്രനെ ഹോർട്ടികോർപ്പ് കഴിഞ്ഞ ഏപ്രിൽ മുതൽ പറഞ്ഞ് പറ്റിക്കാൻ തുടങ്ങിയതാണ്. ഇങ്ങനെ 15 ലക്ഷം രൂപ വരെ കിട്ടാനുള്ള കർഷകരുണ്ടെന്നാണ് വിവരം. ദിവസേനെ കുറഞ്ഞത് ഒന്നര ലക്ഷം രൂപയുടെ പച്ചക്കറിയാണ് നെടുമങ്ങാട് നിന്ന് മാത്രം ഹോർട്ടികോർപ്പ് സംഭരിക്കുന്നത്. കർഷകരിൽ നിന്ന് വാങ്ങിയ ഉത്പന്നങ്ങൾ മാർക്കറ്റിൽ വിറ്റ് കാശാക്കിയിട്ടാണ് ഹോർട്ടികോർപ്പ് ഒളിച്ച് കളിച്ച് കർഷകരെ പറ്റിക്കുന്നത്.
ഓണം വരെ കർഷകർക്ക് നൽകാനുണ്ടായിരുന്ന 50 ലക്ഷം രൂപ ഇപ്പോൾ 90 ലക്ഷം വരെയെത്തി. വഞ്ചന തുടരുന്നത് മനസ്സിലാക്കിയ കർഷകർ ഇപ്പോൾ മാർക്കറ്റിലെത്തുന്നത് കച്ചവടക്കാരിൽ പ്രതീക്ഷ അർപ്പിച്ചാണ്. പണം കിട്ടാതായതോടെ കർഷകരിൽ ഏറിയ പങ്കും കച്ചവടക്കാർക്ക് നേരിട്ട് ഉത്പന്നങ്ങൾ എത്തിക്കുകയാണ്.
















Comments