മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടിയോളം വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ രണ്ട് യാത്രികരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കോഴിക്കോട് സ്വദേശി നവാസ്, കോഴിക്കോട് സ്വദേശി നിഷാർ എന്നിവരാണ് വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചത്. മലദ്വാരത്തിലൊളിപ്പിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമം.
സ്വർണം മിശ്രിതമാക്കിയ ശേഷം ക്യാപ്‌സൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ പരിശോധനയ്‌ക്കിടെ ഇരുവരെയും കസ്റ്റംസ് പിടികൂടി. എന്നാൽ ചോദ്യം ചെയ്തപ്പോൾ സംഭവം ഇരുവരും നിഷേധിക്കുകയായിരുന്നു. തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടത്.
ഇരുവരിൽ നിന്നായി ഏകദേശം 2.1 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. ജിദ്ദയിൽ നിന്നും എത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് നവാസ് എത്തിയത്. സ്വർണം കടത്തുന്നതിന് പ്രതിഫലമായി ഇയാൾക്ക് സ്വർണക്കടത്ത് സംഘം വിമാനടിക്കറ്റ് എടുത്ത് നൽകുകയും, 50,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
















Comments