ന്യൂഡൽഹി: സൈന്യത്തിന്റെ ആധുനികവത്കരണവും കരുത്ത് വർദ്ധിപ്പിക്കലും ലക്ഷ്യമിട്ട്, പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതിനായി എൺപത്തിനാലായിരം കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ. വിവിധ സേനാവിഭാഗങ്ങൾ സമർപ്പിച്ച 24 പദ്ധതികൾക്കാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.
കര-വ്യോമ സേനകളുടെ ആറ് വീതവും നാവിക സേനയുടെ പത്തും തീരരക്ഷാ സേനയുടെ രണ്ടും പദ്ധതികൾക്കാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ആകെ 84,328 കോടി രൂപയാണ് പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതിനായി ചിലവഴിക്കാൻ കേന്ദ്ര സർക്കാർ ഏറ്റവും പുതിയതായി തീരുമാനിച്ചിരിക്കുന്നത്.
84,328 കോടി രൂപയിൽ 82,127 കോടി രൂപയും ചിലവഴിക്കുന്നത് തദ്ദേശീയമായി നിർമ്മിച്ച ഉപകരണങ്ങൾ വാങ്ങുന്നതിന് വേണ്ടി തന്നെയാണ്. അതായത്, അനുവദിക്കപ്പെട്ട തുകയുടെ 97.4 ശതമാനവും ഇന്ത്യയിൽ തന്നെ ചിലവഴിക്കപ്പെടും. സായുധ സേനകളുടെ ആധുനികവത്കരണത്തിനൊപ്പം, പ്രതിരോധ രംഗത്തെ സ്വയം പര്യാപ്തതയും സർക്കാരിന്റെ ലക്ഷ്യമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
കവചിത സൈനിക വാഹനങ്ങൾ, ടാങ്കുകൾ, യന്ത്രത്തോക്കുകൾ ഘടിപ്പിച്ച സൈനിക വാഹനങ്ങൾ എന്നിവയാണ് കരസേനക്കായി വാങ്ങുന്നത്. സൈനികരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ബാലിസ്റ്റിക് ഹെൽമെറ്റുകളും വാങ്ങാൻ അനുമതി ലഭിച്ചിട്ടുണ്ട്.
കപ്പൽവേധ മിസൈലുകൾ, നാവിക യാനങ്ങൾ, കവചിത വാഹനങ്ങൾ എന്നിവ നാവിക സേനയ്‌ക്കായി സജ്ജമാക്കും. അത്യാധുനിക മിസൈൽ സംവിധാനങ്ങൾ, ദീർഘദൂര മിസൈലുകൾ, നിരീക്ഷണ ഉപകരണങ്ങൾ എന്നിവ വ്യോമസേനയുടെ ശേഖരത്തിലെത്തും. നിരീക്ഷണം ശക്തമാക്കാൻ സഹായിക്കുന്ന പുത്തൻ തലമുറ ഓഫ്ഷോർ പട്രോൾ വാഹനങ്ങളാണ് പുതിയ പദ്ധതി പ്രകാരം തീരരക്ഷാ സേനയ്‌ക്കായി വാങ്ങാൻ അനുമതി നൽകിയിരിക്കുന്നതെന്നും കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു.
Comments