പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്തുവാനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. ഘോഷയാത്ര ഡിസംബർ 26-ന് ദീപാരാധനയ്ക്ക് മുൻപ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. 27-നാണ് മണ്ഡലപൂജ.
തങ്ക അങ്കി ഘോഷയാത്ര പമ്പയിൽ നിന്നും 26 ന് ഉച്ചകഴിഞ്ഞു മൂന്നിന് പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയിൽ എത്തിച്ചേരും. ഇവിടെ നിന്നും ആചാരപൂർവം സ്വീകരിച്ചു സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രി ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി 6.30 നു ദീപാരാധന നടക്കും. 27 ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാർത്തി മണ്ഡല പൂജ നടക്കും. തിരുവിതാംകൂർ മഹാരാജാവ് അയ്യപ്പ സ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാർത്താനായി സമർപ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി.
കൊറോണ മഹാമാരിയ്ക്ക് ശേഷമുള്ള ആദ്യ ശബരിമല തീർത്ഥാടനമാണ് ഈ വർഷത്തേത്. ബുക്ക് ചെയ്തവരാണ് ദർശനത്തിനായെത്തുന്നത്. ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ 84,483 പേരാണ് ദർശനത്തിന് ബുക്ക് ചെയ്തത്. തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
Comments